ഭാര്യയ്ക്ക് പുകയില ചവയ്ക്കുന്നത് പതിവ് ശീലം; വിവാഹചമോചനം തേടി യുവാവ് ബോംബെ ഹൈക്കോടതിയില്‍, ഭര്‍ത്താവ് എയ്ഡ്‌സ് രോഗിയാണെന്ന് ഭാര്യയും

tobacco chewing | Bignewslive

നാഗ്പൂര്‍: ഭാര്യയുടെ പുകയില ചവയ്ക്കുന്ന ശീലം കാണിച്ച് വിവാഹമോചന ഹര്‍ജി കുടുംബ കോടതി തള്ളിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ യുവാവിന് തിരിച്ചടി. നിസ്സാര കാരണമെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി കുടുംബകോടതിയുടെ നടപടി ശരിവെച്ചു.

വിവാഹബന്ധം വേര്‍പെടുത്താനും മാത്രം സാധുതയുള്ള ഒരു കാരണമായി അതിനെ കണക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് കുടുംബകോടതി വിധി പ്രഖ്യാപിച്ചത്. ഈ വിധിയാണ് ബോംബെ ഹൈക്കോടതിയും ശരിവെച്ചത്. ഇങ്ങനെ ഒരു നിസ്സാരമായ കാരണത്തിന്റെ പേരില്‍ വിവാഹബന്ധം തകര്‍ന്നാല്‍ കുട്ടികള്‍ പ്രയാസപ്പെടും എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയും ജസ്റ്റിസ് എ എസ് ചന്ദൂര്‍ക്കറും അടങ്ങിയ ബെഞ്ച് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.

2003 -ല്‍ വിവാഹിതരായ നാഗ്പൂരില്‍ നിന്നുള്ള ദമ്പതികള്‍ക്ക് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണുള്ളത്. പുകയില ചവയ്ക്കുന്ന ശീലം പരിധിവിട്ട് ഭാര്യയുടെ വയറ്റില്‍ ഒരു മുഴ വന്നു, അതിന്റെ ചികിത്സയ്ക്കായി പണം ചെലവിടേണ്ടി വന്നപ്പോഴാണ് ഭര്‍ത്താവ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അതേസമയം, ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന്റെ പരാതികളാണ് ഭാര്യക്ക് കോടതി സമക്ഷം ബോധിപ്പിക്കാനുണ്ടായിരുന്നത്.

ഒരു സ്‌കൂട്ടര്‍ വാങ്ങി നല്‍കണം എന്ന ആവശ്യം നിറവേറാത്തതിന്റെ പേരിലാണ് ഭര്‍ത്താവില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു. മാത്രവുമല്ല, ഭര്‍ത്താവ് എയിഡ്‌സ് രോഗബാധിതനാണ് എന്ന് തിരിച്ചറിഞ്ഞ ശേഷവും താന്‍ അയാളെ ഉപേക്ഷിക്കാതെ കൂടെ കഴിഞ്ഞു പോരുകയാണെന്നും ഭാര്യ പറയുന്നു.

Exit mobile version