വഡോദര: ഗുജറാത്തിൽ വഡോദര മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ ആകർഷിക്കാനായി ഡേറ്റിങ് ഡെസ്റ്റിനേഷനുകൾ വാഗ്ദാനം നൽകി കോൺഗ്രസ്. യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി കോഫി ഷോപ്പ് അടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനുകളാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ കോൺഗ്രസ് പാർട്ടി വാഗ്ദാനം ചെയ്യുന്നത്.
യുവമിഥുനങ്ങൾക്കായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനുകൾക്ക് പുറമെ, ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സൗജന്യ വിദ്യാഭ്യാസം നൽകുന്ന ആധുനിക സ്കൂളുകളും സ്ത്രീകൾക്കായി പാർട്ടി ഹാളുകളും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും, കുറഞ്ഞ കെട്ടിട നികുതി നിരക്കുമെല്ലാമാണ് മറ്റ് ചില പ്രധാന വാഗ്ദാനങ്ങൾ.
കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭർത്താക്കൻമാർക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അതിനായി വലിയ ചിലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ ‘ഹലോ ഗുജറാത്ത്’ കാമ്പയിനിൽ യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും വഡോദര കോൺഗ്രസ് പ്രസിഡന്റ് പ്രശാന്ത് പട്ടേൽ വിശദീകരിച്ചു.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ളവർക്ക് കോഫി ഷോപ്പും മറ്റു സൗകര്യങ്ങളും അനുഭവിക്കാൻ കഴിയുമ്പോൾ താഴെക്കിടയിലെ ജനങ്ങൾക്ക് അവയെല്ലാം അപ്രാപ്യമാണെന്നും അവർക്ക് കൂടി അവസരമൊരുക്കാനാണ് തങ്ങൾ ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്നാണ് കോൺഗ്രസിന്റെ നിലപാട്.
അതേസമയം, കോൺഗ്രസിന്റെ പ്രകടന പത്രികയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ”ഇറ്റാലിയൻ സംസ്കാരത്തിന്റെ സ്വാധീനം” എന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെ ബിജെപി വിശേഷിപ്പിച്ചത്. ഈ പ്രകടന പത്രിക സാംസ്കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി ആരോപിച്ചു.
ബിജെപി ഈ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് എതിരാണെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നും വഡോദര ബിജെപി അധ്യക്ഷൻ വിജയ് ഷാ ആരോപിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ മൂല്യങ്ങളോട് കോൺഗ്രസിന് ബഹുമാനമില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ചിന്താശൂന്യമായ പരാമർശങ്ങൾ നടത്തുന്നതിൽ കോൺഗ്രസ് പ്രസിദ്ധമാണ്. പക്ഷേ വോട്ടർമാർക്ക് തെറ്റും ശരിയും എന്തെന്ന് അറിയാം. ബിജെപി അവരുടെ പ്രകടന പത്രിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും ബിജെപി വഡോദര യൂണിറ്റ് പാർട്ടി ജനറൽ സെക്രട്ടറി സുനിൽ സോളങ്കി പ്രതികരിച്ചു. ഡേറ്റിങ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണോ എന്നും സോളങ്കി ചോദിച്ചു.
Discussion about this post