ജയ്പൂര്‍: കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെ പാകിസ്താന്‍ പതാകയുയര്‍ത്തുന്ന പ്രവര്‍ത്തകരെ നോക്കൂ, ഹിന്ദുക്കള്‍ക്കുള്ള കോണ്‍ഗ്രസിന്റെ മറുപടിയാണിത്, തുടങ്ങിയ ക്യാപ്ഷനുകളില്‍ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ തന്നെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. സംഭവം പൊളിഞ്ഞിട്ടും വ്യാജനെന്ന് സോഷ്യല്‍മീഡിയ തന്നെ വിളിച്ചുപറഞ്ഞിട്ടും വീഡിയോ പല പേജുകളിലൂടെയും പ്രചരിപ്പിക്കുകയാണ് ബിജെപിയും സംഘപരിവാര്‍ അനുകൂലികളും.
രാജസ്ഥാന്‍ നിയസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള ഒരു കോണ്‍ഗ്രസ് റാലിയുടെ ദൃശ്യമാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നത്. വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. വീഡിയോയില്‍ പാകിസ്താന്‍ പതാകയോട് സാദൃശ്യമുള്ള ഒരു പതാക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീശുന്നത് കാണാം. പ്രവര്‍ത്തകര്‍ പരസ്യമായി പാകിസ്താന്‍ പതാക ഉപയോഗിക്കുന്നു എന്ന രീതിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ദേശീയ തലത്തിലും ഏറെ ചര്‍ച്ചയായി. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ പോലീസ് തന്നെ രംഗത്തെത്തി.
PoliticsSolitisc എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യാതൊരു നാണവുമില്ലാതെ പാകിസ്താന്‍ പതാക ഉപയോഗിക്കുന്നു എന്ന സന്ദേശത്തോടെ എത്തിയ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. നിലവില്‍ 5,73,000 ആളുകളാണ് ഈ പേജില്‍ നിന്ന് മാത്രം ഈ വീഡിയോ കണ്ടിട്ടുള്ളത്. 21,000 ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റതിന് ശേഷം ഹിന്ദുക്കള്‍ക്കുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മാനം എന്ന ഹിന്ദിയിലുള്ള കുറിപ്പും വീഡിയോയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.
Alert 🚫🔊
This video 📽️ circulating on #socialmedia claims that there is a Pakistan flag being waved in a victory procession of @INCIndia.
This is false and we request people not to get trapped by this ❌. We are trying to trace the mischief-maker.#FakeNews @SMHoaxSlayer pic.twitter.com/WDnABuJx2M
— Rajasthan Police (@PoliceRajasthan) December 12, 2018
വൈകാതെ തന്നെ സമാനമായ ക്യാപ്ഷനുകളോടെ നിരവധി അക്കൗണ്ടുകളില്‍ നിന്ന് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടു. പാകിസ്താന്‍ പതാക ഉപയോഗിച്ച കോണ്‍ഗ്രസിനെ പഴിക്കുന്നതും കോണ്‍ഗ്രസിന് വോട്ട് ചെയ്ത ഹിന്ദുമത വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതുമായ ക്യാപ്ഷനുകളുമുണ്ടായിരുന്നു.
എന്നാല്‍ ഇത് പാകിസ്താന്‍ പതാക അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുസ്ലീം സംഘടനകള്‍ ഉപയോഗിക്കുന്ന പച്ച നിറത്തിലുള്ള പതാകയായിരുന്നു ഇത്. മുസ്ലിം ലീഗിന്റെ പതാകയുമായി സാമ്യതയുള്ള പതാക. ദൂരെ നിന്ന് നോക്കുമ്പോള്‍ ഇത് പാകിസ്താന്‍ പതാകയായി തോന്നാമെങ്കിലും പാകിസ്താന്‍ പതാക ഏറെ വ്യത്യസ്തമാണ്. സാമൂഹിക മാധ്യമങ്ങളില്‍ തന്നെ ഇക്കാര്യങ്ങള്‍ തെളിയിക്കപ്പെട്ടെങ്കിലും അപ്പൊഴേക്കും വീഡിയോ പറന്ന് പറന്നു പോവുകയായിരുന്നു.
തുടര്‍ന്നാണ് രാജസ്ഥാന്‍ പോലീസ് വിഷയത്തില്‍ ഇടപെടുന്നത്. വീഡിയോയിലെ പാകിസ്താന്‍ പതാക എന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ നേരത്തെ വീഡിയോ പ്രചരിപ്പിച്ച പല അക്കൗണ്ടുകളും ഇപ്പോഴും ഇത് പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.