ഹാമിര്‍പുര്‍: പ്രതിശ്രുത വരന്റെ കുത്തേറ്റ് യുവതിക്ക് ദാരുണാന്ത്യം. റാഥ് കോട്വാലി സ്വദേശിയായ ജ്യോതി(21)യാണ് ഝാന്‍സി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജ്യോതി മരണപ്പെട്ടത്. അതേസമയം, യുവതിയുടെ മരണത്തിന് പിന്നാലെ പ്രതിശ്രുത വരനായ ദേവേന്ദ്രയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. 22 വയസായിരുന്നു. ബുധനാഴ്ച രാത്രിയാണ് ദേവേന്ദ്ര തൂങ്ങി മരിച്ചത്.
ഗ്രാമത്തിലെ ഒരു മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ആക്രമിച്ചതിന് പിന്നാലെ ദേവേന്ദ്ര ജീവനൊടുക്കിയെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് ജ്യോതിയെ ദേവേന്ദ്ര കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ഝാന്‍സിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിശ്രുത വധൂ-വരന്മാരായ ജ്യോതിയും ദേവേന്ദ്രയും ഗ്രാമത്തിലെ ഒരിടത്ത് സംസാരിക്കാനെത്തി. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതാണ് ആക്രമണത്തിന് കാരണം. ദേവേന്ദ്ര കൈയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടുകയും പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി വ്യാഴാഴ്ച രാവിലെയും മരണത്തിന് കീഴടങ്ങി.
Discussion about this post