ലഖ്‌നൗ: വീണ്ടും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തെ ചൊല്ലി വിവാദമായി ഉത്തർപ്രദേശിലെ ഉന്നാവ്. ഉന്നാവിലെ ഗ്രാമത്തിൽ കൈയ്യും കാലും കെട്ടിയിട്ട നിലയിൽ മൂന്ന് പെൺകുട്ടികളെ വയലിൽ കണ്ടെത്തി. അബോധാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ രണ്ടു പേർ മരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഒരു പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്. ഉന്നാവിലെ വയലിലാണ് പെൺകുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കന്നുകാലികൾക്കായി പുല്ല് ശേഖരിക്കാനായി പോയ പെൺകുട്ടികളെ കാണാതാവുകയായിരുന്നെന്ന് ഇവരുടെ ബന്ധു പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെൺകുട്ടികൾ തിരികെയെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് ഇവരെ കെട്ടിയിട്ടിരുന്നത്. വിഷം നിർബന്ധിച്ച് കഴിപ്പിച്ചതാണെന്നു സൂചന ലഭിച്ചതായി പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.