ആന്ധ്രപ്രദേശ്: ഒരു വീട് എന്ന സ്വപ്നം സഫലമാക്കാന്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യമെല്ലാം ചിതലരിച്ചുപോയി. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ അഞ്ച് ലക്ഷത്തോളം രൂപയാണ് ചിതലരിച്ചത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മയിലാവരം സ്വദേശിയായ ബിജിലി ജമലയ്യയ്ക്കാണ് ഈ ദുരവസ്ഥ.
ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ മയിലാവരം സ്വദേശിയായ വ്യവസായിയാണ് ബിജിലി ജമലയ്യ. കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ അഞ്ച് ലക്ഷത്തോളം രൂപ ഇയാള്‍ സൂക്ഷിച്ചത് ട്രങ്കുപെട്ടിയിലായിരുന്നു.
പെട്ടിയില്‍ 500, 200 ന്റെ നോട്ടുകള്‍ അടുക്കി വെക്കുമ്പോള്‍ ഒരു ലക്ഷ്യം മാത്രമായിരുന്നു ബിജിലിക്ക് ഉണ്ടായിരുന്നത്. പണമെല്ലാം സ്വരൂപിച്ച് സ്വന്തമായി ഒരു വീട് വെക്കണം. സ്ഥലത്തെ ചെറുകിട വ്യവസായിയുടെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായൊരു വീട്. ഇതിനകം അഞ്ച് ലക്ഷം രൂപയോളം ബിജിലെ പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. പന്നി വില്‍പ്പനയായിരുന്നു ബിജിലിയുടെ തൊഴില്‍.
കഴിഞ്ഞ ചൊവ്വാഴ്ച്ച പെട്ടി തുറന്നു നോക്കിയ സമയത്താണ് പണം പൂര്‍ണമായും ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ഞൂറിന്റേയും ഇരുന്നൂറിന്റേയും നോട്ടുകളില്‍ വലിയ ദ്വാരങ്ങളാണ് കാണാന്‍ കഴിയുക.
നോട്ടുകള്‍ക്കുള്ളിലെ ദ്വാരങ്ങള്‍ കണ്ട് ആകെ സങ്കടപ്പെട്ടിരിക്കുകയാണ് ജമലയ്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതു കൊണ്ടാണ് ജമലയ്യ ഇത്രയും പണം ട്രങ്കു പെട്ടിയില്‍ സൂക്ഷിച്ചു വെച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധിച്ചു.
Discussion about this post