ന്യൂഡല്‍ഹി: കഴിഞ്ഞദിവസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വി ബിജെപിയ്ക്ക് പ്രത്യക്ഷത്തിലേറ്റ പ്രഹരമായിരുന്നു. എന്നാല്‍ അതിനു പിന്നാലെ വിവാദ റാഫേല്‍ യുദ്ധവിമാന അഴിമതി ആരോപണ കേസിലെ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. മോഡി സര്‍ക്കാരിന് ഇത് നിര്‍ണായകമാണ്. അതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ക്ക് അംഗീകാരമാകുകയും ചെയ്യും. മാത്രമല്ല ഇത് ലോകസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിനെതിരെ ശക്തമായ ആയുധമാക്കുകയും ചെയ്യും
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ നിര്‍ണായക വിധി പറയുക. അഭിഭാഷകരായ എംഎല് ശര്‍മ്മ, വിനീത ധന്‍ഡെ, പ്രശാന്ത് ഭൂഷണ് , മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആംആദ്മി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫേല്‍ ഇടപാടില്‍ അന്വഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ഫ്രഞ്ച് കമ്പനിയായ ഡാസോയില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.
സുപ്രീംകോടതി ആവശ്യപ്രകാരം റാഫേല്‍ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ നല്‍കിയിരുന്നു. ഡസോയുമായുള്ള കരാറിന് ഫ്രഞ്ച് സര്‍ക്കാരിന്റെ നിയമപരമായ ഗ്യാരന്റിയില്ലെന്ന് വാദത്തിനിടെ സമ്മതിച്ച കേന്ദ്രസര്‍ക്കാര്‍ റിലയന്‍സിനെ പങ്കാളിയാക്കിയതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ പോലും വയ്ക്കാത്ത വിലവിവരം പുറത്ത് വിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
Discussion about this post