ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള, തമിഴ്നാട് സന്ദര്‍ശനത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ നടി ഓവിയ ഹെലനെതിരെ പോലീസ് കേസെടുത്തു. ചെന്നൈ എക്മോര്‍ പൊലീസാണ് കേസ്സെടുത്തത്. ബിജെപി തമിഴ്നാട് വിഭാഗമാണ് താരത്തിനെതിരെ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ഓവിയ ട്വിറ്ററിലൂടെ ‘ഗോ ബാക്ക് മോഡി’ ഹാഷ്ടാഗ് ഉപയോഗിച്ച് തന്റെ പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന് തമിഴ് നാട് ബിജെപിയുടെ നിയമ വിഭാഗത്തിലെ പ്രവത്തകനായ അലക്സിസ് സുധാകര്‍ സൈബര്‍ സെല്ലിനും, പൊലീസ് സുപ്രണ്ടിനും പരാതി നല്കി. 69എ ഐടി ആക്റ്റ്, 124എ, 153എ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം കര്‍ഷക സമരം, ഇന്ധന വില വര്‍ധനവ്, ഹാത്രാസ് സംഭവം തുടങ്ങിയ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കെതിരെ ഗോ ബാക്ക് മോഡി, ഗോ ബാക്ക് ഫാസിസ്റ്റ് മോദി എന്നീ ഹാഷ് ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. കേരളവും തമിഴകവും ഒരേ സ്വരത്തിലായിരുന്നു വിമര്‍ശനം തൊടുത്തതും ഗോ ബാക്ക് മോഡി മുദ്രാവാക്യം വിളിച്ചതും.
Discussion about this post