അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു കോവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വഡോദരയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാര്‍ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി താഴെവീണിരുന്നു.
പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിമാനമാര്‍ഗം അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 21നാണ് വഡോദര അടക്കം ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post