ന്യൂഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതകത്തിന് വില വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിച്ച് രണ്ട് പേരുടെ വികസനത്തിന് സഹായിക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തുന്നത്.
ഇന്ധനവില ദിനംപ്രതി ഉയരുന്നതിനിടെ കഴിഞ്ഞദിവസം പാചക വാതകത്തിന് 50 രൂപ വർധിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. നേരത്തെ, ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം പാചകവാതകത്തിന് വില വർധിപ്പിച്ചിരുന്നു. രാജ്യത്ത് പെട്രോൾ, ഡീസൽ വർധന എക്കാലത്തേയും ഉയർന്ന നിരക്കിൽ എത്തിയപ്പോഴാണ് പാചകവാതകത്തിന്റേയും വിലവർധന.
ഇതിനെ വിമർശിച്ചുകൊണ്ട് ‘പൊതുജനത്തിൽനിന്ന് കൊള്ളയടിക്കുന്നു, വികസനം വെറും രണ്ടുപേർക്ക് മാത്രം’,- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ഹിന്ദിയിലുള്ള ട്വീറ്റിന് ഒപ്പം പാചക വാതകത്തിന് വില വർധിപ്പിച്ച വാർത്തയും പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. പെട്രോൾ, ഡീസൽ വിലവർധന തുടരുന്നതിനിടെ പാചക വാതക വിലയും വർധിപ്പിച്ചാണ് കേന്ദ്രസർക്കാർ ജനങ്ങൾക്ക് ഇരുട്ടടി സമ്മാനിച്ചിരിക്കുന്നത്.
ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽപിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടിയാണ് വർധിപ്പിച്ചത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കണക്കുപ്രകാരം ഡൽഹിയിൽ സബ്സിഡിയില്ലാത്ത എൽപിജി സിലിണ്ടറിന് 769 രൂപയാകും. പാചക വാചകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനയാണിത്.
Discussion about this post