ബംഗളൂരു: കാലാവസ്ഥ-പരിസ്ഥിതി ആക്ടിവിസ്റ്റ് ദിശ രവിയെ ട്വിറ്ററിൽ പങ്കുവെച്ച ട്വീറ്റിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ശനിയാഴ്ച ഡൽഹി പോലീസ് ദിശ രവിയെ കസ്റ്റഡിയിലെടുക്കാൻ ബംഗളൂരു നഗരത്തിൽ എത്തിയത് സംസ്ഥാന പോലീസിനെ പോലും അറിയിക്കാതെ. ദിശയുടെ വീടിന് പുറത്ത് നിരീക്ഷണം നടത്തിയും ദിശ വീട്ടിലുണ്ടെന്നു ഉറപ്പിച്ചും ഡൽഹി പോലീസ് കൊടുംകുറ്റവാളിയെ അറസ്റ്റ് ചെയ്യുന്ന മോഡലിലായിരുന്നു അപ്രതീക്ഷിതമായി ചാടി വീണ് അറസ്റ്റ് ചെയ്തത്.
അതേസമയം, ഗ്രേറ്റ തുംബെർഗ് പോലെ ലോകമറിയുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയുടെ അറസ്റ്റിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. 2018ൽ ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളജിൽനിന്ന് ബിരുദം പൂർത്തിയാക്കിയ ദിശ ടീനേജ് കാലം മുതൽ പരിസ്ഥിതി ബോധവത്കരണവുമായി സജീവമാണ്. ഗ്രേറ്റയുടെ ടൂൾ കിറ്റ് ദിശ രവി ട്വീറ്റ് ഷെയർ ചെയ്തതാണ് കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചതും. അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയതും.
ദിശ രവിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് ഡൽഹി പോലീസിലെ രണ്ടു വനിതകളടങ്ങിയ അഞ്ചു പേരുടെ സംഘം ശനിയാഴ്ച ഉച്ച 12 മണിയോടെയാണ് ബംഗളൂരുവിലെത്തിയത്. വടക്കൻ ബംഗളൂരുവിൽ ചിക്കബനവരയിലെ അബ്ബിഗെരെയിൽലെ ദിശയുടെ വീടിനു സമീപമെത്തിയ സംഘം ഫോൺ നിരീക്ഷിച്ച് ഇവർ അകത്തുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു. ഒരു കാറിൽ മൂന്നു പുരുഷൻമാർ വീട്ടുപരിസരം നിരീക്ഷിക്കാനെത്തി മടങ്ങുകയും അതുകഴിഞ്ഞ് രണ്ടു വനിത പോലീസുകാരെ കൂടി കൂട്ടി വീണ്ടുമെത്തുകയും ചെയ്തപ. പുരുഷൻമാർ പുറത്തുകാത്തുനിന്ന സമയം വനിത പോലീസുകാർ ദിശയുടെ വാതിലിൽ മുട്ടി. വാതിൽ തുറന്നയുടൻ അകത്തുകയറിയ ഇരുവരും അറസ്റ്റ് നടപടികളിലേക്ക് കടന്നു. തുടർന്ന്, രണ്ടു പുരുഷൻമാർ കൂടി കയറി നടപടികൾ പൂർത്തിയാക്കി ദിശയുമായി മടങ്ങി.
അതേസമയം, പോലീസ് ഐഡിയും അറസ്റ്റ് വാറന്റും കാണിച്ച ശേഷം മാത്രമാണ് പോലീസ് സംഘത്തെ ദിശയും മാതാവും അകത്തുകയറ്റിയതെന്ന് അധികൃതർ പറയുന്നു. അറസ്റ്റ് കഴിഞ്ഞയുടൻ പോലീസ് സംഘം ദിശയുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും പരിശോധിക്കുകയും എല്ലാം റെക്കോർഡ് ചെയ്യുകയും ചെയ്തു. ദിശയുടെ മാതാവ് മഞ്ജുളയുടെ ഒപ്പും സംഘം വാങ്ങിയിട്ടുണ്ട്. ഡൽഹി പോലീസ് സൈബർ ക്രൈം വിഭാഗമാണ് അറസ്റ്റ് ചെയ്യുന്നത് എന്നതു സംബന്ധിച്ചായിരുന്നു ഒപ്പുവാങ്ങൽ.
വൈകുന്നേരം 5.30 ഓടെ പോലീസ് സംഘം എയർപോർട്ടിലേക്ക് നീങ്ങി. ഇതിനിടെ ദിശയുടെ വസ്ത്രങ്ങൾ, മരുന്നുകൾ, പഴങ്ങൾ തുടങ്ങിയവ കൂടി കരുതാൻ പോലീസ് നിർദേശിച്ചിരുന്നു. പോകുംവഴി പോലീസ് സംഘം രണ്ടായി പിരിഞ്ഞു. ഒരുപറ്റം നേരെ കെമ്പഗൗഡ എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങിയപ്പോൾ രണ്ടാം സംഘം സോളദേവനഹള്ളി പോലീസ് സ്‌റ്റേഷനിലെത്തി അറസ്റ്റ് വിവരം അറിയിച്ചു. ഇതറിഞ്ഞ നാട്ടിലെ പോലീസ് വാഹനത്തിൽ ദിശയുടെ വീട്ടുപരിസരം വരെ പോയി നിരീക്ഷണം നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.