ചണ്ഡീഗഡ്: കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിനെതിരെ വിവാദപരാമർശവുമായി ഹരിയാന കൃഷിമന്ത്രി ജെപി ദലാൽ. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരിച്ചവരെക്കുറിച്ചാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നില്ലേ എന്നായിരുന്നു ദലാലിന്റെ പ്രസ്താവന. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീടു ക്ഷമ ചോദിച്ചു. 200 കർഷകർ മരിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
‘അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നില്ലേ? ഒന്നു മുതൽ രണ്ടു ലക്ഷം വരെയുള്ള ആളുകളിൽ 200 പേർ ആറു മാസത്തിനുള്ളിൽ മരിക്കില്ലേ? ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു, മറ്റൊരാൾ അസുഖം ബാധിച്ചും, അവരോട് എനിക്ക് അഗാധമായ സഹതാപമുണ്ട്’- ചിരിച്ചുകൊണ്ടു ദലാലിന്റെ പ്രസ്താവന ഇങ്ങനെ.
നിർവികാരനായ ഒരാൾക്കു മാത്രമെ ഇങ്ങനെ പറയാനാകൂയെന്നു കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വിമർശിച്ചു. മണിക്കൂറുകൾക്കുശേഷം മന്ത്രി തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ആരോപിച്ചു രംഗത്തെത്തി. കർഷകരുടെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും ആരു മരിച്ചാലും വേദനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ മൂന്നു കാർഷിക നിയമങ്ങൾക്കെതിരായി നവംബർ മുതൽ ഡൽഹി അതിർത്തികളിൽ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു കർഷകരാണു സമരം ചെയ്യുന്നത്.