ഹൊഷങ്കാബാദ്: വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ നാടുകടത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മധ്യപ്രദേശിലെ ഹൊഷങ്കാബാദില്‍ ബിജെപി പ്രവര്‍ത്തകരെ റാലിയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും അനധികൃതമായി കുടിയേറിയവര്‍ വോട്ടുബാങ്കാണ്. എന്നാല്‍ ബിജെപിക്ക് ഇത് ദേശീയ സുരക്ഷയുടെ വിഷയമാണെന്നും അമിത് ഷാ പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ അസമില്‍ 40 ലക്ഷം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ബിജെപിക്കായി. എന്നാല്‍ ദ്വിഗ് വിജയ് സിങിനേയും രാഹുല്‍ ഗാന്ധിയേയും പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വോട്ട് ബാങ്ക് കണ്ട് കുടിയേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഷാ കുറ്റപ്പെടുത്തി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണെന്നും നിയമസഭയില്‍ 230-ല്‍ 200 സീറ്റുകളില്‍ കൂടുതല്‍ പാര്‍ട്ടി നേടും. അടുത്ത 50 വര്‍ഷത്തേക്ക് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വരെ ബിജെപി ജയിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 28-നാണ് മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.