6100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മിറ്റി യോഗം വിളിച്ചു

pm modi_

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിൽ. 6100 കോടിയുടെ പ്രവർത്തികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തുന്നത്. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്. റിഫൈനറീസ് ക്യാംപസ് വേദിയിൽ വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയിലേക്കാണ് പ്രധാനമന്ത്രി എത്തിച്ചേരുക. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് പ്രവേശനം.

ചെന്നൈയിൽ നിന്ന് 2.30 ഓടെ പ്രത്യേക വിമാനത്തിൽ കൊച്ചി ദക്ഷിണ മേഖല നാവികസേന ആസ്ഥാനത്ത് വന്നിറങ്ങുന്ന പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ രാജഗിരി സ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കിയ ഹെലിപ്പാഡിലേക്ക് പറന്നിറങ്ങും. പിന്നീട് റോഡ് മാർഗമാണ് അമ്പലമുകളിലെ കൊച്ചിൻ റിഫൈനറിയിലെത്തുക.

ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. നാല് കേന്ദ്ര മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങുകൾ പൂർത്തീയാക്കി വൈകീട്ട് 5.55ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി തിരിച്ച് ഡൽഹിയിലേക്ക് മടങ്ങും.

തെരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ പുതിയ പദ്ധതികളും ഫോർമുലയും തയ്യാറാക്കാനായി സംസ്ഥാന ബിജെപി കോർ കമ്മിറ്റി അംഗങ്ങളുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം അമ്പലമുകളിലെ റിഫൈനറി പരിസരത്താകും അരമണിക്കൂർ നീണ്ട് നിൽക്കുന്ന കൂടിക്കാഴ്ച.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ മോഡി തന്റെ നിർദേശങ്ങൾ പാർട്ടി നേതാക്കളെ അറിയിക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം 12 അംഗങ്ങളെയാണ് കോർ കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Exit mobile version