തന്റെ നിലപാട് തുറന്നുപറഞ്ഞതിലൂടെ തന്നെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയാണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭങ്ങളിൽ അഭിപ്രായം പറഞ്ഞതിനാണ് തന്നെ കോൺഗ്രസ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്നാണ് താരത്തിന്റെ നിലപാട്. സോഷ്യൽമീഡിയയിലൂടെ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും പറഞ്ഞ് ഏറെ വിവാദങ്ങൾ വിളിച്ചുവരുത്തിയ താരം പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തന്റെ പുതിയ ചിത്രമായ ധാക്കഡിന്റെ ചിത്രീകരണത്തിനായി മധ്യപ്രദേശിലാണ് കങ്കണ ഇപ്പോൾ. അവിടെ വെച്ച് കങ്കണയുടെ ചിത്രത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കർഷകപ്രക്ഷോഭത്തിൽ താരത്തിന്റെ നിലപാടുകൾക്കെതിരെയാണ് പ്രക്ഷോഭമെന്നാണ് സൂചന.
തന്റെ ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന പ്രവർത്തകരുടെ വീഡിയോ കങ്കണ തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട് ‘ഷൂട്ടിങ്ങ് ലൊക്കേഷന് പുറത്ത് സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർ. പോലീസ് എത്തി അവരെ പിരിച്ചു വിട്ടുവെങ്കിലും എനിക്ക് കുറച്ച് ദൂരമേറിയ വഴിയിലൂടെ കാറിൽ വന്നെത്തേണ്ടതായി വന്നു. നിലപാടുകളുള്ള ഒരു സ്ത്രീയുടെ അവസ്ഥ..’
Police protection has been increased around me as @INCIndia workers in MP carried out a protest to stop my shoot. Congress MLA’s are saying they are protesting on behalf of farmers, which farmers gave them such a power of attorney why can’t they protest for themselves?
— Kangana Ranaut (@KanganaTeam) February 12, 2021
‘എനിക്ക് പോലീസ് സുരക്ഷ വർധിപ്പിച്ചു.കർഷകർക്ക് വേണ്ടിയാണ് തങ്ങൾ സമരം ചെയ്യുന്നതെന്നാണ് കോൺഗ്രസ് എംഎൽഎ പറയുന്നത്. ഏത് കർഷകരാണ് അവർക്ക് അതിനുള്ള അധികാരം നൽകിയത്. അവർക്ക് സ്വന്തമായി സമരം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ട്’ കങ്കണ ട്വീറ്റിൽ പറയുന്നു.
നേരത്തെ, കങ്കണ ഡൽഹിയിൽ പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തതും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞതും വിവാദമായിരുന്നു. ാേ