‘എന്റെ മുറി കുലുങ്ങുന്നുണ്ട്’! ഭൂകമ്പത്തിനിടയിലും ‘കൂളായി’ അഭിമുഖം തുടര്‍ന്ന് രാഹുല്‍ ഗാന്ധി: വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഭൂകമ്പത്തിനിടയിലും കൂളായി ലൈവ് അഭിമുഖം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി. ഉത്തരേന്ത്യയില്‍ ഇന്നലെ രാത്രി 10.30യാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാനായിരുന്നു പ്രഭവകേന്ദ്രം.

ഈ സമയം, ഷിക്കാഗോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുമായി സൂം ആപ്പിലൂടെ സംവദിക്കുകയായിരുന്നു രാഹുല്‍. ചരിത്രകാരന്‍ ദിപേഷ് ചക്രവര്‍ത്തിയെയും സൂം വിന്‍ഡോയില്‍ കാണാം.

റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത അനുഭവപ്പെട്ട ഭൂചലനം ജമ്മു കശ്മീര്‍, പഞ്ചാബ്, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ശക്തമായി അനുഭവപ്പെട്ടത്. സംസാരിക്കുന്നതിനിടയില്‍ ‘ഭൂമി കുലുക്കമാണെന്ന് തോന്നുന്നു.. എന്റെ മുറി കുലുങ്ങുന്നുണ്ട്’ എന്ന് പറഞ്ഞ് പുഞ്ചിരിച്ച് രാഹുല്‍ സംസാരം തുടരുകയായിരുന്നു.

ഭൂചലനത്തെക്കുറിച്ച് രാഹുല്‍ പറഞ്ഞതോടെ പരിപാടിയില്‍ പങ്കെടുത്തവര്‍ അമ്പരന്നെങ്കിലും രാഹുല്‍ ഒന്നും സംഭവിക്കാത്ത രീതിയില്‍ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ തന്റെ സംസാരം തുടരുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ സമചിത്തതയോടെയുള്ള പ്രതികരണത്തെ ആഘോഷമാക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. രണ്ട് ദിവസത്തെ രാജസ്ഥാന്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തത്.

Exit mobile version