ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോടതിയെ കളിയാക്കുകയാണോ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് എന്നീ നാലുപേരുടെ വധശിക്ഷ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
2012 ഡിസംബര്‍ 16നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറുപേര്‍ ചേര്‍ന്ന് ബസ്സിനുള്ളില്‍ വച്ച് അതിക്രൂരബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഇവര്‍ റോഡിലുപേക്ഷിച്ചിരുന്നു. ഡിസംബര്‍ 29ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ഹോസ്പിറ്റലില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.
പ്രതികളിലൊരാളായ രാംസിംഗ് കസ്റ്റഡിയിലിരിക്കെ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. മറ്റൊരു പ്രതിയായ മുഹമ്മദ് അഫ്രോസിനെ പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം വിട്ടയച്ചിരുന്നു. മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവര്‍ വധശിക്ഷയില്‍ നിന്നും ഇളവ് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്. ഇതിനെതുടര്‍ന്നാണ് ശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന ആവശ്യവുമായി ആലാഖ് കോടതിയെ സമീപിച്ചത്.
ബലാത്സംഗ-കൊലപാതക കേസുകളില്‍ എട്ടുമാസത്തിനുള്ളില്‍ ശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ സുപ്രീംകോടതി സ്വീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 സെപ്റ്റംബറിലാണ് കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പിലാക്കാന്‍ വരുന്ന കാലതാമസം ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കാരണമാകുന്നുവെന്നും വധശിക്ഷ നടപ്പിലാക്കാനുള്ള സമയക്രമത്തെക്കുറിച്ച് കോടതി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post