രണ്ട് ആണ്‍മക്കളും അകാലത്തില്‍ മരിച്ചതോടെ പേരക്കുട്ടിയെ പഠിപ്പിച്ച് അധ്യാപികയാക്കാന്‍ വീട് വിറ്റും രാപകല്‍ ഇല്ലാതെയുള്ള നെട്ടോട്ടത്തിലുമാണ് ദേസ് രാജ് എന്ന ഓട്ടോ ഡ്രൈവര്‍. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദേസ് രാജിന്റെ ജീവിതം പുറംലോകം അറിഞ്ഞത്. മുംബൈയില്‍ വര്‍ഷങ്ങളായി ഓട്ടോ ഓടിക്കുകയാണ് ദേസ് രാജ്.
ഭാര്യയും രണ്ട് ആണ്‍മക്കളും അവരുടെ ഭാര്യമാരും മക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു ദേസിന്റേത്. ആറ് വര്‍ഷം മുമ്പ് മൂത്ത മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജോലിക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആളെ പിന്നീട് കാണാതാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്. കുറച്ച് നാളുകള്‍ക്ക് ശേഷം ഇളയമകനും മരണപ്പെട്ടു. അത് ആത്മഹത്യയായിരുന്നുവെന്നും ദേസ് രാജ് പറയുന്നു.
അന്ന് ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്ന പേരക്കുട്ടി വന്ന് ദേസ്‌രാജിനോട് താന്‍ സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിക്കണമോ എന്ന് ചോദിച്ചപ്പോള്‍ ദേസ്‌രാജ് അവളെ സമാധാനിപ്പിച്ചു. ആഗ്രഹമുള്ളയത്രയും പഠിപ്പിക്കാമെന്ന് അവള്‍ക്ക് ഉറപ്പുനല്‍കി. പിന്നീടങ്ങോട്ട് ഏഴംഗ കുടുംബത്തെ സംരക്ഷിക്കാന്‍ രാപ്പകലില്ലാത്ത അധ്വാനത്തിലായിരുന്നു ദേസ്‌രാജ്. രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി വരെ ഓട്ടോ ഓടിക്കും. പതിനായിരം രൂപയാണ് മാസം ഉണ്ടാക്കാനാവുക. ഇതില്‍ ആറായിരം രൂപ കുട്ടികളുടെ വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് ചെലവാകും. 4000 രൂപ കൊണ്ടാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്.
ചില ദിവസം ഭക്ഷണത്തിനുള്ള വകുപ്പില്ലാതെ പട്ടിണി കിടക്കാറുണ്ടെന്നും ദുഖമൊളിപ്പിച്ചുവച്ച ചിരിയോടെ ദേസ് പറയുന്നു. മകന്റെ മകള്‍ പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ അന്നുവരെ അനുഭവിച്ച എല്ലാ സങ്കടങ്ങളും എങ്ങോട്ടോ ഒലിച്ചുപോയത് പോലെ തോന്നിയെന്നും അന്ന് മുഴുവന്‍ ഓട്ടോ ഓടിച്ചത് ഒരു രൂപ പോലും കൂലിയായി ആരുടെ കൈയ്യില്‍ നിന്നും വാങ്ങിക്കാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പേരക്കുട്ടിക്ക് ഡല്‍ഹിയില്‍ പോയി ബിഎഡിന് ചേരണമെന്ന് പറഞ്ഞപ്പോള്‍ മാത്രം ദേസ്‌രാജ് കടുത്ത പ്രതിസന്ധിയിലാക്കി. പക്ഷേ അതിനും ദേസ്‌രാജ് ഒരു മാര്‍ഗം കണ്ടെത്തി. മുംബൈയില്‍ കുടുംബം താമസിക്കുന്ന ചെറിയ വീട് വിറ്റു. പേരക്കുട്ടി ആഗ്രഹിച്ച പോലെ പഠിക്കാന്‍ ചേര്‍ത്തു. മറ്റ് അംഗങ്ങളെയെല്ലാം ദൂരെ ഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്കയച്ചു. ശേഷം ഓട്ടോറിക്ഷയില്‍ തന്നെ ജീവിതം തുടരുകയായിരുന്നു. ഊണും ഉറക്കവും ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു.