നിയമസഭാ തെരഞ്ഞെടുപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ യുവ കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റിനും ജ്യോതിരാദിത്യ സിന്ധ്യക്കും അനുമോദനവുമായി കുപ്രസിദ്ധ വ്യവസായി വിജയ് മല്യ. ഇന്ത്യയുടെ ‘യംഗ് ചാമ്പ്യന്‍സ്’ എന്ന ട്വീറ്റോടു കൂടിയാണ് മല്യ ഇരുവര്‍ക്കും പ്രശംസ ചൊരിഞ്ഞത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പെട്ട് ഇന്ത്യയില്‍ നിന്നും യു.കെയിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യക്ക് തിരികെ കൈമാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചതിന് തൊട്ടുപിറകെയാണ് അനുമോദന സന്ദേശം.
തന്റെ സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ഇന്ത്യയിലെ ദേശസാത്കൃത ബാങ്കുകളില്‍ നിന്നും പണം കടമെടുത്ത വിജയ് മല്യയുടെ കേസില്‍ ഒടുവിലത്തെ കോടതി വിധിയോടെ നിര്‍ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. 9,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയെ തിരികെ കൈമാറാന്‍ യു.കെ കോടതി വിധിക്കുകയായിരുന്നു.
ഇന്ത്യക്ക് ലഭിക്കുകയാണെങ്കില്‍ അതീവ സുരക്ഷയുള്ള മുംബൈയിലെ സുപ്രസിദ്ധ ജയില്‍ കോംപ്ലക്സിലായിരിക്കും മല്യയെ പാര്‍പ്പിക്കുകയെന്ന് ന്യൂസ് ഏജന്‍സിയായ് പി.ടി.ഐ അറിയിച്ചു. മുംബൈ ആക്രമണത്തിലെ പ്രതിയായ അജ്മല്‍ കസബ് ഉള്‍പ്പടെയുള്ളവരെ തടവില്‍ പാര്‍പ്പിച്ച ജയിലാണിത്.
ബി.ജെ.പി ശക്തി കേന്ദ്രങ്ങളായിരുന്ന രാജസ്ഥാനും, മധ്യപ്രദേശും തിരിച്ചു പിടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച യുവ നേതാക്കളാണ് സച്ചിന്‍ പൈലറ്റും, സിന്ധ്യയും. രാജസ്ഥാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ സച്ചിന്റെ പ്രവര്‍ത്തന മികവ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെങ്കിലും, സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും, പരിചയസമ്പന്നനുമായ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് മുഖ്യമന്ത്രിയാവും.
Discussion about this post