കൊൽക്കത്ത: വരുന്ന ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി മമത ബാനർജി ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മത്സരമായിരിക്കും വരാൻ പോകുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പെന്നാണ് അമിത് ഷാ പറഞ്ഞത്. ഉത്തര ബംഗാളിലെ കൂച്ച് ബെഹാറിൽ നടത്തിയ റാലിയിൽ സംസാരിക്കവെയായിരുന്നു അമിത്ഷായുടെ അവകാശവാദം.
‘ജയ് ശ്രീ റാം ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാകിസ്താനിൽ മുഴക്കുമോ’ എന്നാണ് അമിത് ഷാ പരിഹസിച്ചു കൊണ്ട് ചോദിച്ചത്. ജയ് ശ്രീറാം വിളി കേട്ടാൽ മമത ബാനർജിക്ക് ദേഷ്യമാണെന്നും എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ അത് ചൊല്ലാൻ തുടങ്ങുമെന്നും മമതയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ 294 സീറ്റുകളിൽ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് ബിജെപിയുടേതെന്ന് അമിത് ഷാ തറപ്പിച്ച് പറയുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് കഴിഞ്ഞതവണയും ചർച്ചാ വിഷയമായ ജയ്ശ്രീറാം വിളി ഇത്തവണയും അമിത് ഷാ ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.