ഋഷിഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നു: തപോവന്‍ തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു, ആളുകളെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തപോവന്‍ തുരങ്കത്തില്‍ നടത്തി വന്ന തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

നദി തീരത്ത് നിന്ന് ആളുകളെയും രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച വാഹനങ്ങളും യന്ത്രങ്ങളും മാറ്റുകയാണ്. നദിയില്‍ ജലനിരപ്പുയര്‍ന്നതോടെ മേഖലയില്‍ നിന്നുള്ളവരോട് ഒഴിഞ്ഞു പോവാന്‍ പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു.

എന്‍ഡിആര്‍ഫ് എസ്ഡിആര്‍എഫ് മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളോടെല്ലാം തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.

മിന്നല്‍ പ്രളയത്തില്‍ 200 പേരെയാണ് കാണാതായത്. 170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കണ്ടെടുത്ത 34 മൃതദേഹങ്ങളില്‍ പത്ത് പേരെ മാത്രമേ തിരിച്ചറിയാനായുള്ളു. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കും.

തപോവനില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കം ഏതെന്ന് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അണക്കെട്ടില്‍ ആരോക്കെ ജോലി ചെയ്തിരുന്നുവെന്ന വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലവും ദുരന്തത്തില്‍ ഒലിച്ചു പോയിരുന്നു. എങ്കിലും യുപി ബിഹാര്‍ സംസ്ഥാനങ്ങളിലെ ജോലിക്കാരാണ് ഇവിടെ ഉണ്ടായിരുന്നതില്‍ ഏറെയും എന്നാണ് അധികൃതര്‍ പറയുന്നത്.

ചമോലി ജില്ലയിലെ മലയിടിച്ചിലിനെത്തുടര്‍ന്ന് അളകനന്ദ ദൗലിഗംഗ നദിയിലെ ജലനിരപ്പുയര്‍ന്നിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേഖലയിലെ ജലവൈദ്യുത നിലയങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. അഞ്ച് പാലങ്ങളും ഒലിച്ചു പോയിരുന്നു.

Exit mobile version