ന്യൂഡൽഹി: കേന്ദ്രസർക്കാർ ട്വിറ്ററിനെ പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കൂ ആപ്പ് സംഘപരിവാർ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനിടെ ആപ്പ് ഡാറ്റ ചോർത്തുന്നെന്ന ആരോപണവുമായി സോഷ്യൽമീഡിയ. ട്വിറ്ററിനെതി ഉപേക്ഷിച്ച് തദ്ദേശീയ ആപ്പായ കൂവിൽ ചേരണമെന്ന് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സോഷ്യൽമീഡിയ ചർച്ച ചൂടുപിടിക്കുന്നത്.
നടി കങ്കണയും കൂ ആപ്പിൽ താൻ അക്കൗണ്ട് രൂപീകരിച്ചെന്ന വിവരം അറിയിച്ചിരുന്നു. കൂടാതെ, മന്ത്രിമാരായ പീയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, പാർലമെന്റ് അംഗങ്ങളായ തേജസ്വി സൂര്യ, ശോഭ കരന്ദ്‌ലാജെ, കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, ഇഷാ ഫൌണ്ടേഷന്റെ ജഗ്ഗി വാസുദേവ്, മുൻ ക്രിക്കറ്റ് താരങ്ങളായ ജവഗൽ ശ്രീനാഥ്, അനിൽ കുംബ്ലെ എന്നിവരാണ് കൂവിൽ അക്കൗണ്ടുള്ള പ്രമുഖർ. കേന്ദ്ര ഐടി മന്ത്രാലയം, ഇന്ത്യ പോസ്റ്റ്, നിതി ആയോഗ് എന്നിവയ്ക്കും കൂവിൽ അക്കൗണ്ടുണ്ട്.
കൂവിന്റെ സെർവർ പ്രവർത്തിക്കുന്നത് അമേരിക്ക കേന്ദ്രീകരിച്ചാണെന്നും രജിസ്റ്റർ ചെയ്തിരിക്കുന്നത് ചൈനയിലെ Jiangxiലെ Tao Zhou എന്നയാളുടെ പേരിലാണെന്ന സ്‌ക്രീൻഷോട്ടുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. മാത്രമല്ല, ആപ്പിന് നിരവധി സുരക്ഷാവീഴ്ചകളുണ്ടെന്ന് ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ റോബർട്ട് ബാപ്റ്റിസ്റ്റ കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങൾ കൂ ചേർത്തിയെന്ന് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടുകളും ഇയാൾ പുറത്തുവിട്ടു. കൂ ആപ്പിൽ 30 മിനിറ്റ് ചിലവഴിച്ചു. വ്യക്തിയുടെ പേര്, ജനനതീയതി, ലിംഗം, ഇമെയിൽ, വിവാഹിതനാണോ തുടങ്ങിയ വിവരങ്ങളെല്ലാം കൂ ചേർത്തിയെന്ന് റോബർട്ട് പറഞ്ഞു.