ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നുണ്ടായ അപ്രതീക്ഷിത പ്രളയത്തില്‍ നിരവധി പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. എന്നാല്‍ അപകടം നടക്കുന്നത് അളകനന്ദ നദിയിലെ മത്സ്യങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഞായറാഴ്ചയാണ് മഞ്ഞുമല ഇടിഞ്ഞ് വീണ് ദുരന്തമുണ്ടായത്. ഇതിന് മുന്‍പ് അളകനന്ദ നദിയില്‍ ചാകര എന്ന പോലെ മീനുകള്‍ ഒരു പ്രദേശത്ത് കൂട്ടം കൂടിയതായി നാട്ടുകാര്‍ പറയുന്നു. ഇത് പ്രകൃതിക്ഷോഭം മുന്‍കൂട്ടി കാണാന്‍ മത്സ്യങ്ങള്‍ക്ക് കഴിവുണ്ടെന്നതിന്റെ തെളിവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
രാവിലെ ഒന്‍പത് മണിയോടെ വന്‍ തോതില്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്, ലാസു ഗ്രാമ വാസികള്‍ ബക്കറ്റുകളും, പാത്രങ്ങളുമൊക്കെയായി മത്സ്യം ശേഖരിക്കാന്‍ രംഗത്തു വന്നു. ചൂണ്ടയോ വലയോ ഉപയോഗിക്കാതെ തന്നെ പിടിക്കാവുന്ന തരത്തിലാണ് മീനുകള്‍ പ്രത്യക്ഷപ്പെട്ടത്. വരാന്‍ പോകുന്ന പ്രളയത്തിന്റെ മുന്നോടിയായിരുന്നു ഈ ചാകര. മീനുകള്‍ വെള്ളത്തില്‍ കൂട്ടം കൂടിയപ്പോള്‍ വെള്ളിയുടെ നിറമായിരുന്നുവെന്നും ആളുകള്‍ പറയുന്നു.
കാര്‍പ്പ്, മഷീര്‍ തുടങ്ങിയ ഇനത്തില്‍പ്പെട്ട മീനുകളാണ് കൂട്ടമായി എത്തിയത്. അടിത്തട്ടിലേക്ക് പോകാതെ ഉപരിതലത്തിലാണ് മീനുകള്‍ കൂട്ടമായി എത്തിയത്. പുഴയുടെ തീരങ്ങളിലാണ് ഇവയെ കൂട്ടത്തോടെ കണ്ടത്. മഞ്ഞുമല ഇടിയുന്നതിന് മുന്‍പ് ഉപരിതലത്തിലുണ്ടായ പ്രകമ്പനങ്ങളാകാം മീനുകളുടെ വിചിത്ര പെരുമാറ്റത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്കത്തിന് മുന്‍പ് ഉണ്ടാകുന്ന ശബ്ദവീചികള്‍ പിടിച്ചെടുക്കാന്‍ മീനുകള്‍ക്ക് കഴിവുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ചമൗലിയിലെ ദൗലി ഗംഗയുടെ മറ്റു കൈവഴികളായ നന്ദ് പ്രയാഗ്, ലങ്കാസു, കര്‍ണപ്രായാഗ് എന്നിവയിലും ഇതേ പ്രതിഭാസം നടന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ആഴത്തില്‍ മാത്രം കാണപ്പെടാറുള്ള പല മത്സ്യങ്ങളും പെട്ടെന്ന് പിടിക്കാനാവുന്ന വിധത്തില്‍ പുറത്തെത്തി. ‘സാധാരണ ഗതിയില്‍ മത്സ്യങ്ങള്‍ ഒഴുക്കിനു മധ്യത്തിലൂടെയാണ് നീന്താറുള്ളത്. അത്ഭുതകരമെന്നോളം മീനുകള്‍ കരക്കു സമീപത്തു കൂടെയാണ് ഒഴുകിയത്,’ നാട്ടുകാരനായ അജയ് പുരോഹിത് പറയുന്നു.
‘ലങ്കാസുവിലെ ഗീര്‍സ ഗ്രാമത്തില്‍ ഈ അത്ഭുത പ്രതിഭാസത്തിന് ദൃക്സാക്ഷിയാവാന് അനവധി ആളുകള്‍ തടിച്ചു കൂടിയിരുന്നു. വെറും കൈയോടെ മീന്‍ പിടിക്കല്‍ സാധാരണ ഗതിയില്‍ സാധ്യമല്ല. എന്നാല്‍, ഇത്തവണ അത്ഭുതം കാണാന്‍ പോയ പലരും മത്സ്യങ്ങളുമായാണ് തിരിച്ചെത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, ഇത്രയും അസാധാരണ സംഭവങ്ങള്‍ ഉണ്ടായിട്ടും, വെള്ളം യഥാര്‍ത്ഥ നിറത്തില്‍ നിന്നും ചാര നിറത്തിലേക്ക് മാറിയത് ജനങ്ങള്‍ ശ്രദ്ധിച്ചില്ല. ഉപരിതലത്തിലുള്ള തരംഗങ്ങള്‍ ആണ് ദുരന്തത്തിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഇവ മത്സ്യങ്ങളുടെ സെന്‍സറുകളെ സാരമായി ബാധിച്ചിട്ടുണ്ടാവാം. എല്ലാ ജല ജീവികള്‍ക്കും ഉള്ളത് പോലെ മത്സ്യങ്ങള്‍ക്കും ബഹ്യാവയവങ്ങള്‍ ഉണ്ട്. ഇവ വെള്ളത്തിലെ ചെറു ചലനങ്ങളെയും മര്‍ദ്ദ വ്യത്യാസങ്ങളെയും കണ്ടെത്താന്‍ സഹായിക്കുന്നു.
ഈ ഒരു സംഭവത്തില്‍, പ്രളയത്തിന് മുന്‍പുള്ള ശബ്ദം മത്സ്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവാം. വൈദ്യൂത വാഹിനികള്‍ വെള്ളത്തില്‍ വീണ് ഇവക്ക് ഷോക്ക് ഏറ്റിട്ടുണ്ടാവാനും സാധ്യത ഉണ്ട്. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ശിവകുമാര്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തപോവന്‍ റെനി പ്രദേശത്തെ വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വെള്ളപ്പൊക്കത്തില്‍ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. വന്‍ വേഗതയില്‍ വെള്ളം ഒലിച്ചു വന്നതിനെ തുടര്‍ന്ന് വൈദ്യുതി പദ്ധതിയും, നിരവധി വീടുകളും, കെട്ടിടങ്ങളും പൂര്‍ണ്ണമായി ഒലിച്ചു പോയിട്ടുണ്ടെന്നാണ് കണക്കു കൂട്ടുന്നത്.
Discussion about this post