ലക്നൗ: ഹനുമാന് ദളിതനാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് സമാജ് വാദി നേതാവ് അഖിലേഷ് യാദവ്. ഹനുമാന്റെ ജാതി പറഞ്ഞ യോഗി ബാക്കിയുള്ള എല്ലാ ദൈവങ്ങളുടേയും ജാതികൂടെ വെളിപ്പെടുത്തണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു.
‘അദ്ദേഹം ദൈവങ്ങളുടെ ജാതി പറയുകയാണ്, അത് നല്ലതു തന്നെ. ഇതുവരെ കുറച്ചു ദൈവങ്ങളുടെ ജാതി മാത്രമേ അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളു, ബാക്കി ദൈവങ്ങളുടെ ജാതി കൂടെ അദ്ദേഹം പുറത്തു വിടണം. അങ്ങനെയാണെങ്കില്‍ ഓരോരുത്തരുടേയും ജാതിക്കനുസരിച്ച് അതത് ദൈവങ്ങളില്‍ നിന്നും അനുഗ്രഹം തേടിയാല്‍ മതിയല്ലോ’- എന്ന് യാദവ് പറഞ്ഞു.
ഹനുമാന് ഒരു ആദിവാസി ദളിതനായിരുന്നു. കാട്ടില്‍ കഴിയുന്നവന്. വടക്കും കിഴക്കും തെക്കും പടിഞ്ഞാറുമുള്ള എല്ലാ ഇന്ത്യന്‍ സമൂഹങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ബജ്രംഗ് ബലി. ഇത് രാമന്റെ ആഗ്രഹമാണ്. അദ്ദേഹത്തിന്റെ ആ ആഗ്രഹം നിറവേറ്റുന്നതുവരെ നമ്മള് വിശ്രമിക്കേണ്ടതില്ല’ എന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്. ആല്‍വാര്‍ ജില്ലയിലെ തെരഞ്ഞെടുപ്പു റാലിക്കിടെയായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.
യോഗിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണ് ഹനുമാനെ യോഗി ദളിതനാക്കിയതെന്ന് ആരോപിച്ച് രാജസ്ഥാന് സര്‍വ് ബ്രാഹ്മിണ്‍ മഹാസഭ യോഗിക്ക് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.
ദൈവത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നത് തെറ്റാണെന്ന് വിമര്‍ശിച്ച് യുപി മന്ത്രി ഓം പ്രകാശ് രാജ്ഭറും രംഗത്തെത്തിയിരുന്നു.
Discussion about this post