ചണ്ഡീഗഡ്: ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് പതിനെട്ട് വയസ് പൂർത്തിയായിട്ടില്ലെങ്കിലും ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി. മുസ്ലിം വ്യക്തിനിയമമനുസരിച്ച് ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്നാണ് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുസ്ലിം വിവാഹവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളും വിവിധ കോടതി വിധികളും വിശദമായി പരിശോധിച്ചായിരുന്നു ഹൈക്കോടതി വിധി.
2021 ജനുവരി 21 ന് മുസ്ലിം ആചാരപ്രകാരം വിവാഹിതരായ 36 കാരനും 17 വയസ്സുള്ള പെൺകുട്ടിയും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം പ്രസ്താവിച്ചത്. ബന്ധുക്കളുടെ എതിർപ്പിൽ നിന്ന് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടാണ് ദമ്പതിമാർ കോടതിയെ സമീപിച്ചത്.
മുസ്ലിം നിയമമനുസരിച്ച് 15 വയസ് തികഞ്ഞ വ്യക്തിയ്ക്ക് പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും പെൺകുട്ടിക്കോ ആൺകുട്ടിക്കോ രക്ഷിതാക്കളുടെ ഇടപെടൽ കൂടാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവാമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് വിധി പ്രസ്താവിക്കുന്നതിനിടെ, ഋതുമതിയായ പെൺകുട്ടിക്ക് അവൾക്ക് താത്പര്യമുള്ള വ്യക്തിയുമായി വിവാഹക്കരാറിലേർപ്പെടാൻ സ്വാതന്ത്ര്യമുണ്ടെന്ന് സർ ദിൻഷാ ഫർദുൻജി മുല്ലയുടെ മുഹമ്മദീയൻ നിയമതത്വങ്ങൾ(പ്രിൻസിപ്പിൾസ് മൊഹമ്മദൻസ് ലോ)എന്ന പുസ്തകത്തിലെ 195ാം വകുപ്പ് കോടതി പരാമർശിച്ചു.
ഈ ഗ്രന്ഥപ്രകാരം സ്ഥിരബുദ്ധിയില്ലാത്തവർ, പ്രായപൂർത്തിയാകാത്തവർ എന്നിവർക്കായി രക്ഷിതാക്കൾക്ക് വിവാഹക്കരാറിലേർപ്പെടാൻ അവകാശമുണ്ട്. മാനസികാരോഗ്യമുള്ളതും പ്രായപൂർത്തിയായതുമായവരുടെ പൂർണസമ്മതമില്ലാതെ നടക്കുന്ന വിവാഹത്തിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്നും 195ാം വകുപ്പിൽ പറയുന്നു. ഋതുമതിയായതായുള്ള തെളിവുകളുടെ അഭാവത്തിൽ 15 വയസ് പൂർത്തിയായ പെൺകുട്ടിയെ പ്രായപൂർത്തിയായതായി കണക്കാക്കാമെന്നും ഈ വകുപ്പ് വ്യക്തമാക്കുന്നു.