മുര്‍ഷിദാബാദ്: ബിജെപിയുടെ ഭീഷണിയില്‍ വീഴുന്ന ഒരു ദുര്‍ബലയല്ല താനെന്നും റോയല്‍ ബംഗാള്‍ കടുവയെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
ബഹറാംപൂരിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ പ്രവര്‍ത്തകര്‍ക്കെതിരെ മമത രംഗത്തെത്തിയത്.
ചില വികൃതികളായ പശുക്കള്‍ ബിജെപിയിലേക്ക് പോയെന്നും, അവരിപ്പോള്‍ അവിടെ ചെന്ന് ശബ്ദമുണ്ടാക്കുകയാണെന്നും മമത പരിഹസിച്ചു. ഇനിയും അത്തരത്തില്‍ തൃണമൂല്‍ വിടാന്‍ ആഗ്രഹിക്കുന്ന പശുക്കള്‍ വേഗം പോകണമെന്നും മോശം പശുക്കളുള്ള തൊഴുത്തിനെക്കാളും പശുക്കളില്ലാത്ത തൊഴുത്താണ് നല്ലതെന്നും മമത പറഞ്ഞു.
കൂടാതെ, ബ്രട്ടീഷുകാര്‍ക്കെതിരെ പോരാടിയ നവാബ് സിറാജ് ഉദ്ദൗളയെ അനുസ്മരിച്ചു. നവാബിന്റെ വലം കൈയായ മിര്‍ ജാഫര്‍ ശത്രു ക്യാമ്പില്‍ ചേക്കേറിയതിനെയും തന്റെ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളോട് മമത ഉപമിച്ചു.