ന്യൂഡൽഹി: ദേശീയത ഉയർത്തിപ്പിടിച്ച് ഭരണം നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണകാലത്ത് രാജ്യത്ത് നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജ്യത്ത് നിന്നും നാടുകടക്കുന്നവരുടെ എണ്ണത്തിൽ വൻവർദനവുണ്ടായിരിക്കുകയാണ്. അഞ്ചുവർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷത്തിലേറെയാണ്.
ഈ കണക്ക് വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ആറ് ലക്ഷത്തിൽ അധികം പൗരന്മാരാണ് 2015 മുതൽ 2019വരെയുള്ള കാലയളവിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയത്. ചൊവ്വാഴ്ച ലോക്‌സഭയിലാണ് കേന്ദ്രമന്ത്രി കണക്ക് പുറത്തുവിട്ടത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,24,99,395 ഇന്ത്യൻ പൗരന്മാർ വിദേശരാജ്യങ്ങളിൽ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
2015 ൽ 1,41,656 പേരും 2016ൽ 1,44,942-ഉം, 2017-1,27,905, 2018-1,25,130 , 2019-1,36,441 എന്നിങ്ങനെയാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പൗരന്മാരുടെ എണ്ണമെന്ന് ദ ട്രൈബൂൺ റിപ്പോർട്ട് ചെയ്യുന്നു.