റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട ആക്രമണം; നടൻ ദീപ് സിദ്ധു അറസ്റ്റിൽ; സമരം അട്ടിമറിക്കാൻ സിദ്ധു ശ്രമിച്ചെന്ന വാദത്തിൽ ഉറച്ച് കർഷകർ

ന്യൂഡൽഹി: റിപ്പബ്ലിക ദിനത്തിൽ നടന്ന ട്രാക്ടർ റാലി വഴി തിരിച്ച് വിട്ട് ചെങ്കോട്ടയിൽ അതിക്രമം നടത്തിയെന്ന കേസിൽ നടൻ ദീപ് സിദ്ധു അറസ്റ്റിൽ. ഡൽഹി പോലീസാണ് ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിന്റെ പേരിൽ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദീപ് സിദ്ധുവും കൂട്ടാളികളായ മൂന്നുപേരും ഒളിവിലായിരുന്നു. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പോലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാധ്യമങ്ങളിൽ ദീപ് സിദ്ധുവിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

കർഷക നേതാക്കൾക്കെതിരെയും ഡൽഹി പോലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ധു ഒളിസങ്കേതത്തിൽ വെച്ച് സ്വയം ചിത്രീകരിച്ച വീഡിയോകൾ വിദേശത്തുള്ള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പോലീസിന്റെ നിഗമനം.

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമ സംഭവങ്ങളിൽ കർഷക നേതാക്കൾക്ക് പങ്കുണ്ടെന്ന ആരോപണം ഉയർത്തി താരം സമൂഹമാധ്യമങ്ങളിൽ നിരവധി തവണയാണ് ദീപ് പ്രത്യക്ഷപ്പെട്ടത്. എങ്കിലും ഒളിസങ്കേതം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, ദീപ് സിദ്ദുവിന്റെ നേതൃത്വത്തിൽ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ചെങ്കോട്ടയിലെ അക്രമമെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

Exit mobile version