മുംബൈ: അതിജീവിക്കാൻ പ്രയാസമായ കാലാവസ്ഥയിൽ പോലും സമരം നയിക്കുന്ന കർഷകരെ കണ്ടില്ലെന്ന് നടക്കാനാകില്ലെന്ന് ബോളിവുഡ് താരം നസിറുദ്ധീൻഷാ. ബോളിവുഡ് താരങ്ങൾ ഒന്നടങ്കം രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രഖ്യാപിച്ച് പരോക്ഷമായി കർഷക സമരം തള്ളി പറഞ്ഞ സാഹചര്യത്തിലാണ് നസിറുദ്ധീൻ ഷായുടെ ശ്രദ്ധേയമായ പ്രസ്താവന.
കർഷകരുടെ സമരത്തെ പിന്തുണച്ച അദ്ദേഹം മൗനം പാലിക്കുന്ന തന്റെ ബോളിവുഡ് സഹപ്രവർത്തകരെ രൂക്ഷഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ? ഇനിയും അവർക്ക് (കർഷകർക്ക്) വേണ്ടി ഉരിയാടിയാൽ എന്താണ് നിങ്ങൾക്ക് നഷ്ടപ്പെടുവാൻ ഉള്ളത്?സിനിമാതാരങ്ങളുടെ മൗനത്തെക്കുറിച്ച് നസിറുദ്ദീൻ ഷാ തുറന്നടിച്ചു.
തെരുവിൽ കിടന്ന് സമരം ചെയ്യുന്ന കർഷകരെ തള്ളിപ്പറയാൻ സാധിക്കില്ലെന്നും അവരെ കണ്ടില്ലെന്ന് നടിച്ച് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന് പറയാനാകില്ലെന്നും നസിറുദ്ധീൻ ഷാ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘അവകാശങ്ങൾക്ക് വേണ്ടി രണ്ട് മാസത്തിലേറെയായി അസ്ഥി മരവിക്കുന്ന തണുപ്പിൽ അവർ തെരുവിൽ കിടക്കുകയാണ്. അത് എന്നെ ബാധിക്കില്ല എന്നെനിക്ക് പറയാനാവില്ല. ശത്രുക്കളുടെ ആക്രോശത്തെക്കാൾ എന്നെ അലട്ടുന്നത് മിത്രങ്ങളുടെ നിശബ്ദതയാണ്. ഏഴു തലമുറക്ക് വേണ്ടത് സമ്പാദിച്ചില്ലേ ? അവർക്ക് വേണ്ടി ഉരിയാടിയാൽ എന്താണ് നിങ്ങൾക്ക് നഷ്ടപ്പെടുവാൻ ഉള്ളത്?’- നസിറുദ്ധീൻ ഷാ ചോദ്യം ചെയ്യുന്നു.
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക ബില്ലിനെതിരെ കർഷകർ നടത്തുന്ന സമരം ആഗോളതലത്തിൽ തന്നെ ചർച്ചയായത് പോപ്പ് ഗായിക റിഹാനയുടെ ട്വീറ്റ് കാരണമായിരുന്നു. റിഹാനയ്ക്ക് പിന്നാലെ വിദേശികളായ നിരവധി സെലിബ്രിറ്റികൾ കർഷകരെ പിന്തുണച്ച് എത്തിയതോടെ കേന്ദ്ര സർക്കാർ വലിയ പ്രതിരോധത്തിലായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഇന്ത്യയിലെ സംഘപരിവാർ അനുകൂലികളായ സെലിബ്രിറ്റികൾ വിദേശത്തുനിന്നുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ടെന്നും ട്വീറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇന്ത്യ ടുഗെദർ, ഇന്ത്യ എഗെയ്ൻസ്റ്റ് പ്രൊപ്പഗണ്ട തുടങ്ങിയ ഹാഷ്ടാഗ് പങ്കുവെച്ചുകൊണ്ടായിരുന്നു സച്ചിൻ തെണ്ടുൽക്കർ, അക്ഷയ് കുമാർ, കങ്കണ റണൗത്ത്, ആർപി സിങ്, സുരേഷ് റെയ്‌ന, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖർ രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിച്ച ഈ പ്രമുഖരാരും കർഷകരുടെ നാളുകളായുള്ള സമരത്തെ കുറിച്ച് സംസാരിക്കാതിരുന്നത് വലിയ വിവാദമുണ്ടാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് നസിറുദ്ധീൻ ഷായുടെ ശ്രദ്ധേയമായ നിലപാട് പുറത്തെത്തിയിരിക്കുന്നത്.