ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഏഴ്പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. അപകടത്തിൽ കാണാതായ 170 പേർക്ക് വേണ്ടിയുളള തെരച്ചിൽ പുനഃരാരംഭിച്ചു. ചമോലിയിലെ പ്രധാന നദികളിൽ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞ ദിവസം രാത്രി രക്ഷാപ്രവർത്തനം നിർത്തിവെയ്ക്കുകയായിരുന്നു. മണ്ണിനടിയിൽ അകപെട്ടവരെ കണ്ടെത്തുന്നതിനുളള അത്യാധുനിക സംവിധാനങ്ങൾ സംഭവ സ്ഥലത്തെത്തിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അപകടം നടന്ന സ്ഥലം സന്ദർശിക്കും. അദ്ദേഹമായിരിക്കും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുക.
രണ്ട് പവർ പ്രൊജക്ടുകളുടെ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഇന്നലെ ഉണ്ടായ അപകടത്തിനിരയായവരിൽ കൂടുതലും. അളകനന്ദ നദിയിലെയും ധൗലിഗംഗയിലെയും ജലനിരപ്പ് ഉയർന്നതും ദുർഘടമായ കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ സേന നൽകുന്ന കണക്കുകൾ പ്രകാരം ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 170 പേരെ കാണാതായി. കഴിഞ്ഞ ദിവസം നടന്ന രക്ഷാപ്രവർത്തനത്തിൽ 16 പേരെയാണ് രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അളകനന്ദ നദിയിലെ 900 മീറ്റർ നീളമുളള തപോവൻ ടണലിൽ ഏകദേശം 40 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതിൽ 12 പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. ധൗലിഗംഗയിലെ ടണലിൽ 30-35 പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടാത്തുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്തേക്ക് എയർലിഫ്റ്റ് ചെയ്യും. അളകനന്ദ നദി ഒഴുകുന്ന പ്രധാന മേഖലകളെല്ലാം തകരുകയും നിർമ്മാണ പ്രവർത്തനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. മിന്നൽ പ്രളയത്തിൽ മുങ്ങിപ്പോയ ജോഷിമഠ് റോഡ് തുറന്നിട്ടുണ്ട്.
Discussion about this post