മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി ശിവസേന. മോഡിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് കിട്ടിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും, അവസാനമായി ഇത്ര ധിക്കാരം കണ്ടത് മഹാഭാരത്തിലാണെന്നും ശിവസേന നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ശിവസേന, 2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി.
‘രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായി സ്വീകരിച്ചു. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും, എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നത് തങ്ങളുടെ നയമല്ലെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം മോഡി ജവഹര്‍ലാല്‍ നെഹ്റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായ എല്‍കെ അദ്വാനിയും മറ്റ് നേതാക്കളും നല്കിയ സംഭാവനകള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി. മഹാഭാരതത്തില്‍ മാത്രമേ താന്‍ ഇത്രയും ധിക്കാരം കണ്ടിട്ടുള്ളുവെന്നും’ ഉദ്ദവ് കൂട്ടിച്ചേര്‍ത്തു.
തനിക്ക് നേരെ വന്ന കല്ലുകളെ എങ്ങനെ ചെറുക്കുമെന്നതിനും, എങ്ങനെ ജനാധിപത്യ ആക്രമണങ്ങളില്‍നിന്ന് അതിജീവിച്ചുമെന്നതിനുമുള്ള ഉത്തരം രാഹുലിന്റെ വിനയമാണെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി.
നേരത്തെ ശിവസേന മുഖപത്രമായ സാമ്ന ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളെ എല്ലാക്കാലത്തും വിഡ്ഡികളാക്കാമെന്ന് വിചാരിച്ച ബിജെപിക്ക് കിട്ടിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും, തങ്ങള്‍ മാത്രം നില നിന്നാല്‍ മതി എന്ന വിചാരണത്തിന് ബിജെപിക്ക് കിട്ടിയ തിരിച്ചടിയാണ് ഫലമെന്നും സാമ്ന പറഞ്ഞിരുന്നു.
Discussion about this post