അഹമ്മദാബാദ്: ഇൻഷുറൻസ് തുകയായി ലഭിക്കുന്ന ഭീമമായ സംഖ്യ ലഭിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ ചാർട്ടേർഡ് അക്കൗണ്ടന്റായ ഭർത്താവ് അറസ്റ്റിൽ. 60 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി ദക്ഷബെൻ താങ്ക് എന്ന സ്ത്രീയെ ഭർത്താവായ ലളിത് താങ്ക് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുകയാണ്.
ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. വാഹന അപകടത്തിൽപ്പെടുത്തി ദക്ഷബെന്നിനെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നു. ദക്ഷബെൻ താങ്ക് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് കഴിഞ്ഞവർഷം ഡിസംബർ 26ന് അപകട മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ, യുവതിയുടേത് അപകട മരണമല്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കുടുംബം പോലീസിനെ അറിയിച്ചു. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് ഭർത്താവിന്റെ ഫോൺ വിളി വിവരങ്ങൾ അടക്കം പരിശോധിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. രണ്ടു ലക്ഷം രൂപ നൽകി ഭാര്യയെ കൊലപ്പെടുത്താൻ ഭർത്താവ് വാടക കൊലയാളിയെ ഏൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അപകട മരണമാണെന്ന് തോന്നിപ്പിക്കും വിധം കൊലപാതകം ആസൂത്രണം ചെയ്യണമെന്ന് ലളിത് വാടക കൊലയാളിയായ കിരിത് മാലിക്കിന് നിർദേശം നൽകിയിരുന്നു. ഭാര്യ മരിക്കുന്നതിന് മൂന്നു മാസം മുമ്പാണ് ലളിത് അവരുടെ പേരിൽ 60 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയെടുത്തതെന്നും പോലീസ് കണ്ടെത്തി.
ഡിസംബർ 26ന് ലളിതും ഭാര്യയും ക്ഷേത്രത്തിലേക്ക് പുറപ്പെടുകയും ഈ സമയം പ്രതിയായ ഡ്രൈവർക്ക് ലളിത് ലൊക്കേഷൻ അയച്ചുകൊടുത്തിരുന്നു. ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ ഭാര്യയുമായി നിശ്ചിത അകലം പാലിക്കാൻ ലളിത് ശ്രദ്ധിച്ചിരുന്നു. അതിവേഗത്തിലെത്തിയ വാഹനം ദക്ഷബെന്നിനെ ഇടിച്ച് തെറിപ്പിക്കുകയും സംഭവ സ്ഥലത്തുവെച്ചുതന്നെ ഇവർ മരിക്കുകയും ചെയ്തു. വെള്ളിയാഴ്ച പോലീസ് ലളിതിനെ അറസ്റ്റ്ചെയ്തു.
Discussion about this post