ബംഗാളില്‍ താമര വിരിയും, മമതയെ തൂത്തെറിയും: വിലക്ക് ലംഘിച്ച് രഥയാത്രയുമായി ജെപി നദ്ദ

കൊല്‍ക്കത്ത: ബംഗാളില്‍ താമര വിരിയുമെന്നും മമതാ ബാനര്‍ജിയെ ജനം അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമബംഗാളില്‍ തുടക്കമിട്ട ബിജെപിയുടെ രഥയാത്രയില്‍ ജെപി നദ്ദ നാദിയയില്‍ പറഞ്ഞു.

പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നിന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ബിജെപിയുടെ രഥയാത്ര തുടങ്ങിയത്. രഥയാത്രക്ക് അനുമതി നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് മമതാ സര്‍ക്കാര്‍. പൊതു സമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നല്‍കിയതെന്ന് നാദിയ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

രഥയാത്രയുമായി മുന്നോട്ടുപോകുമെന്നും ബംഗാള്‍ സര്‍ക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നുമാണ് ബിജെപി പ്രതികരിച്ചത്. രഥയാത്ര വിലക്കിയത് മമതാ ബാനര്‍ജിക്ക് ബിജെപിയെ പേടിയായതുകൊണ്ടെന്ന് ജെപി നദ്ദ പറഞ്ഞു.

അതേസമയം, രഥയാത്രയെ പ്രതിരോധിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ജനസമര്‍ഥന്‍ യാത്രക്ക് തുടക്കമായിട്ടുണ്ട്. രഥയാത്ര നിശ്ചയിച്ചിരിക്കുന്ന അതേ പാതയിലാണ് ജനസമര്‍ഥന്‍ യാത്രയും കടന്നുപോകുന്നത്.

യാത്രയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൊവിഡ് പശ്ചാത്തലത്തില്‍ രഥയാത്രക്ക് അനുമതി നല്‍കരുതെന്ന പൊതു താല്‍പര്യ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

Exit mobile version