ന്യൂഡല്‍ഹി: രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നീങ്ങി പരിചയസമ്പന്നനായ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിക്കും. രാഹുലുമായി ഗെഹ്ലോട്ടും സച്ചിന് പൈലറ്റും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പിന്നാലെ അശോക് ഗെഹ്ലോട്ട് രാജസ്ഥാനിലേക്ക് തിരിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ഗാന്ധി രാവിലെ വ്യക്തമാക്കിയിരുന്നു. ഇതിനായി എംഎല്‍എമാരുടേയും പ്രവര്‍ത്തകരുടേയും അഭിപ്രായം തേടിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഇന്നുതന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് രാജസ്ഥാനിലെ ഹൈക്കമാന്റ് നിരീക്ഷകനായ കെസി വേണുഗോപാലും ആവര്‍ത്തിച്ചു. മധ്യപ്രദേശില്‍ പിസിസി അധ്യക്ഷന്‍ കമല്‍നാഥിനാണ് മേല്‍ക്കൈ. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ഭാഗലിനാണ് സാധ്യത.
അതേസമയം, തെലങ്കാനയുടെ രണ്ടാമത് മുഖ്യമന്ത്രിയായി കെ ചന്ദ്രശേഖര റാവു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചയ്ക്ക് 1.30നാണ് കെസിആര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് മെഹമൂദ് അലിയും ചുമതലയേറ്റു. മന്ത്രിസഭ വിപുലീകരണം പിന്നീട് നടക്കും.
Discussion about this post