ന്യൂഡൽഹി: ഇന്ധന വില രാജ്യത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്നതിനിടെ എൻഡിഎ സർക്കാരിന്റെ നികുതിയുടെ പേരിലുള്ള കൊള്ള തുറന്നുകാണിച്ച് ശശി തരൂർ എംപി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് മോഡി സർക്കാരിന് കീഴിൽ കുതിച്ചുയർന്നെന്ന് ശശി തരൂർ ചൂണ്ടിക്കാണിക്കുന്നു.
ഇന്ധന വില വർദ്ധനവിനെ ‘ദ ഗ്രേറ്റ് ഇന്ത്യൻ കൊള്ള’ എന്ന് വിശേഷിപ്പിച്ച തരൂർ നികുതി വർധനവിന്റെ ഗ്രാഫും പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ ഏകദേശം 11 തവണ ഉയർത്തിയിരുന്നു, ഇപ്പോൾ കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്മെന്റ് സെസും ഉയർത്തിയിരിക്കുകയാണ്. സർക്കാർ 2014 ലെ നികുതി നിരക്ക് ചുമത്തുകയോ ജിഎസ്ടി പെട്രോളിയം ഉൽപന്നങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്താൽ, പെട്രോളിന് എന്ത് നൽകേണ്ടിവരുമെന്ന ചോദ്യവും തരൂർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.
തുടക്കം മുതൽ യുപിഎ സർക്കാരും ചില സംസ്ഥാനങ്ങളുമാണ് കനത്ത നികുതിക്ക് ഉത്തരവാദികളെന്നാണ് ബിജെപി വൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. മാത്രമല്ല നികുതി വർധനവിൽ എൻഡിഎ സർക്കാരിന് യാതൊരു പങ്കും ഇല്ലെന്നും അവർ ഓർമ്മിപ്പിക്കുന്നുണ്ടെന്നും തരൂർ പരിഹസിച്ചു. പിന്നാലെ ഡൽഹിയിലെ വസ്തുതകൾ ഇതാ എന്ന് പറഞ്ഞുകൊണ്ട് എൻഡിഎ സർക്കാറിന്റെ നികുതി വർദ്ധനവ് പട്ടികയും അദ്ദേഹം പങ്കുവെച്ചു. ഇക്കാലയളവിൽ പെട്രോളിന് 200 ശതമാനവും ഡീസലിന് 600 ശതമാനത്തിന്റെയും വർധനവാണ് എൻഡിഎ കൊണ്ടുവന്നിട്ടുള്ളതെന്നും തരൂർ വിശദീകരിക്കുന്നു.
സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധന വിലവർധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം ഡീസലിന് 32 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില.
Discussion about this post