ലഖ്നൗ: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക റാലിയ്ക്കിടെ മരണപ്പെട്ട കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വദ്ര. റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ മരിച്ച നവരീത് സിംഗിന്റെ വീട്ടിലാണ് പ്രിയങ്ക എത്തിയത്. ഉത്തര്‍പ്രദേശിലെ റാംപുരില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു.
‘നവരീതിന് 25 വയസ്സ് മാത്രമാണ് പ്രായം. എന്റെ മകന് 20 വയസ്സായി. നിങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് ഈ കുടുംബത്തോട് എനിക്ക് പറയേണ്ടതുണ്ട്. രാജ്യം നിങ്ങളുടെ കൂടെയുണ്ട്’- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവടക്കമുള്ള മുതിര്‍ന്ന നേതാക്കളോടൊപ്പമാണ് പ്രിയങ്ക നവരീതിന്റെ വീട്ടിലെത്തിയത്. എസ്പി, ആര്‍എല്‍ഡി നേതാക്കളും കര്‍ഷകന്റെ വീട്ടിലെത്തിയിരുന്നു.
ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അപകടത്തിലാണ് നവരീത് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അപകടത്തിന് മുമ്പേ നവരീതിന് വെടിയേറ്റിരുന്നെന്ന് കുടുംബം ആരോപിച്ചിരുന്നു.
പ്രിയങ്ക കുടുംബത്തെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും വീഡിയോയും കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. പ്രിയങ്കയുടെ സന്ദര്‍ശനം നാടകമാണെന്ന് യുപി മന്ത്രി മൊഹ്സിന്‍ റാസ പറഞ്ഞു. നേരത്തെ രാംപുരിലേക്കുള്ള സന്ദര്‍ശനത്തിനിടെ പ്രിയങ്കയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടിരുന്നു.
അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ദുരിതം കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നില്ലെന്ന് പ്രിയങ്ക സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം യഥാര്‍ഥ പ്രതിഷേധമാണ്. എന്നാല്‍ കേന്ദ്രം അത് തിരിച്ചറിയുന്നില്ല.
സമരം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കേന്ദ്രം കരുതുന്നത്. കര്‍ഷകര്‍ക്കെതിരെയുള്ള കുറ്റകൃത്യമാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, അത് പിന്‍വലിക്കപ്പെടണം. പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നത് അതിലും വലിയ കുറ്റകൃത്യമാണെന്നും പ്രിയങ്ക പ്രതികരിച്ചു.
Discussion about this post