ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പിടിവാശിയും ജനാധിപത്യ വിരുദ്ധമായ പെരുമാറ്റവും മൂലം ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഉണ്ടാക്കിവെച്ച കോട്ടം ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റുകൾ കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ശശി തരൂർ എംപി. പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരേ പ്രതികരിക്കാൻ ഇന്ത്യൻ സർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നു എന്നുളളത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
‘കർഷക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുമായി പരിഹാരങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായാൽ ഇന്ത്യയെ ഒരുമിച്ച് നിങ്ങൾക്ക് ലഭിക്കും.’ഹാഷ്ടാഗ് ക്യാംപെയിനെ പരിഹസിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തു.
ആഗോള തലത്തിൽ തന്നെ കർഷകരുടെ സമരം ചർച്ചയായതിനിടെയാണ് തരൂരിന്റെ പ്രതികരണം. പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ത്യുൻബർഗ് തുടങ്ങിയവർ കർഷകസമരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് ആഗോളതലത്തിൽ സമരം ചർച്ചയായത്. എന്നാൽ ഇത് രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രസർക്കാരും ഇന്ത്യയിലെ നിരവധി സെലിബ്രിറ്റികളും ആരോപിക്കുന്നത്.
കേന്ദ്ര നിലപാടുകൾക്ക് പിന്തുണയർപ്പിച്ച് ഇന്ത്യ ടുഗെദർ എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും അണിനിരന്നതോടെ വ്യപകമായി വിമർശനവും ഉയർന്നിട്ടുണ്ട്.
Discussion about this post