പാട്ന: കേന്ദ്രത്തിന്റെ കാർഷിക നയത്തിന് എതിരെ സമരം ചെയ്യുന്ന കർഷകരോട് പ്രതികാര നടപടി സ്വീകരിക്കുമെന്ന് തന്നെ വ്യക്തമാക്കി ബിഹാർ പോലീസ്. പ്രക്ഷോഭത്തിൽ പങ്കെടുക്കുക, റോഡ് ഗതാഗതം തടസ്സപ്പെടുത്തുക, ക്രമസമാധാനം തടസ്സപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്ക് സർക്കാർ ജോലി, പാസ്പോർട്ട്, സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങൾ, ബാങ്ക് ലോൺ തുടങ്ങിയവ ലഭിക്കില്ലെന്നാണ് ബിഹാർ പോലീസിന്റെ മുന്നറിയിപ്പ്.
വിഷയത്തിൽ ബിഹാർ ഡിജിപിയാണ് ഉത്തരവ് പുറത്തു വിട്ടിരിക്കുന്നത്. ‘പോലീസ് സ്ഥിരീകരണ റിപ്പോർട്ടിൽ കൃത്യമായി പരാമർശിക്കും. അത്തരം ആളുകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറായിരിക്കണം,’- ഡിജിപി പറയുന്നു.
കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്താൽ പോലീസ് വെരിഫിക്കേഷൻ ലഭിക്കാത്ത ഒമ്പത് മേഖലകളെക്കുറിച്ച് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. ‘ആയുധലൈസൻസ്, പാസ്പോർട്ട്, സ്വഭാവ സർട്ടിഫിക്കറ്റ്, സർക്കാരിലെ കരാർ ജോലികൾ, സർക്കാർ വകുപ്പ്, കമ്മീഷൻസ് തുടങ്ങിയവയിലെ ജോലി, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസി തുടങ്ങിയവയ്ക്കുള്ള ലൈസൻസ്, സർക്കാർ ആനുകൂല്യങ്ങൾ, ബാങ്ക് ലോൺ തുടങ്ങി പോലീസ് വെരിഫിക്കേഷൻ ആവശ്യമായ എല്ലാ കാര്യങ്ങൾക്കും തടസ്സമുണ്ടാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, പോലീസിന്റെ വിരട്ടൽ ഒന്നും വകവെയ്ക്കാതെ കർഷക പ്രക്ഷോഭം ശക്തമായി തന്നെ തുടരുകയാണ്. സമരം നടക്കുന്ന അതിർത്തികളിലേക്ക് കർഷക പ്രവാഹം നിലച്ചിട്ടില്ല.
ഹരിയാണ ജിന്ദിൽ അരലക്ഷത്തിലേറെ പേർ പങ്കെടുത്ത മഹാപഞ്ചായത്തിൽ ഡൽഹി ചലോ മാർച്ച് പ്രഖ്യാപിച്ചു. പോലീസ് ഒഴിപ്പിച്ച ഡൽഹി, ആഗ്ര, എക്സ്പ്രസ് പാതയിലെ പൽവലിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകർ വീണ്ടും ധർണതുടങ്ങി.
Discussion about this post