കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകിയത് വിദേശത്തെ ഇന്ത്യൻ വംശജർ; വിദേശ രാജ്യങ്ങൾ പിന്തുണച്ചിട്ടില്ല: വി മുരളീധരൻ

ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർക്ക് വിദേശ രാജ്യങ്ങൾ ഔദ്യോഗികമായി പിന്തുണ നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്ന് മുരളീധരൻ ലോക്‌സഭയെ അറിയിച്ചു.

കാനഡ, അമേരിക്ക, യുകെ, തുടങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇന്ത്യൻ വംശജരുടെ സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡോ സമരത്തെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലുള്ള അതൃപ്തി ഇന്ത്യ കാനഡയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇതേത്തുടർന്ന്, കർഷകപ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്യുകയായിരുന്നുവെന്ന് കനേഡിയൻ സർക്കാരെന്നും വി മുരളീധരൻ വിശദീകരിച്ചു. സെയ്ദ് ഇംതിയാസ് ജലീൽ, അസദ്ദീൻ ഒവൈസി എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. നേരത്തെ പ്രശസ്ത ഗായിക റിഹാനയും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗും ഉൾപ്പടെയുള്ള പ്രമുഖർ കർഷക സമരത്തെ അനുകൂലിച്ചും ശബ്ദമുയർത്തിയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യയിലെ സെലിബ്രിറ്റികൾ ഇതിനെ പ്രൊപ്പഗണ്ടയെന്ന് വിശേഷിപ്പിച്ചും രാജ്യം ഒറ്റക്കെട്ടാണെന്ന് ട്വീറ്റ് ചെയ്തും കർഷക പ്രക്ഷോഭത്തെ എതിർക്കുകയാണ്.

Exit mobile version