നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: തന്റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ ഫഡ്‌നാവിസ് മറച്ചുവച്ചെന്ന ആരോപണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സുപ്രീംകോടതി നോട്ടീസ്. ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സതീഷ് ഉകേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി നടപടി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍, ആയിരുന്നു കേസിനാസ്പതമായ സംഭവം ഉണ്ടായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികരണം ആവശ്യപ്പെട്ട് ഫഡ്‌നാവിസിന് നോട്ടീസ് അയച്ചത്.ഫഡ്‌നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമര്‍പ്പിച്ച ഹര്‍ജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ സതീഷ് സുപ്രീം കോടതിയെ സമീപിച്ചത്.

Exit mobile version