ശ്രീകാകുളം: നിരവധി വിവാദങ്ങളും ആരോപണങ്ങളും ഉയരുമ്പോഴും ജനസേവകരാണ് തങ്ങളെന്ന് തെളിയിക്കാൻ പോലീസിന്റെ ഭാഗത്തു നിന്നും നിരവധി ശ്രമങ്ങളുണ്ടാകാറുണ്ട്. ജനങ്ങളെ സേവിക്കുന്ന അവരുടെ നന്മയ്ക്കായി നിലകൊള്ളുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഏത് വിഷമാവസ്ഥയിലും ഒരു സാധാരണക്കാരന്റെ മുന്നിൽ തെളിയുന്ന ആശ്രയം പോലീസ് തന്നെയാണ്. സേവനം മുഖമുദ്രയാണെന്ന് പോലീസ് തെളിയിച്ച മറ്റൊരു കാഴ്ച ആന്ധ്രാപ്രദേശിൽ നിന്നുമാണ്.
ആന്ധ്രയിലെ പോലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി ഏവരുടേയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. ജോലിയുടെ ഭാഗമായുള്ള സേവനം മാത്രമായിരുന്നില്ല ഒരു കാരുണ്യപ്രവൃത്തി കൂടിയായിരുന്നു കെ സിരിഷ എന്ന സബ് ഇൻസ്പെക്ടറുടേത്. ആരെന്നറിയാത്ത ഒരു വയോധികന്റെ മൃതശരീരം സംസ്കരിക്കാൻ രണ്ട് കിലോമീറ്ററോളമാണ് ഇൻസ്പെക്ടർ തന്റെ തോളിൽ ചുമന്നത്.
ശ്രീകാകുളം പലാസയിലെ നെൽപ്പാടത്തിലൂടെ സബ് ഇൻസ്പെക്ടർ മൃതശരീരവും ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചതോടെയാണ് സിരിഷയുടെ സത്പ്രവർത്തി ലോകമറിഞ്ഞത്. അശരണനായ വൃദ്ധന്റെ മൃതശരീരം സംസ്കരിക്കാൻ ഗ്രാമീണർ വിമുഖത പ്രകടിപ്പിച്ചതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റി സംസ്കരിക്കാൻ തീരുമാനമായത്. മൃതദേഹം എടുക്കാൻ മറ്റുള്ളവർ മടിച്ചപ്പോൾ സിരിഷ തന്നെ മുന്നോട്ടു വരികയായിരുന്നു.
മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. സാരമില്ല ഞാൻ ചെയ്യാമെന്ന് ഇൻസ്പെക്ടർ മറുപടി നൽകുന്നതും വീഡിയോയിലുണ്ട്. ആന്ധ്രാപ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
സിരിഷയുടെ പ്രവർത്തിക്ക് ഡിജിപി ഗൗതം സാവംഗ് ഉൾപ്പെടെയുള്ളവരുടെ അഭിനന്ദന പ്രവാഹമാണ്. തിങ്കളാഴ്ച മുതൽ ഇന്റർനെറ്റിൽ വൻതോതിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. നിരവധി പേർ വീഡിയോയും ചിത്രങ്ങളും ഷെയർ ചെയ്തു.
Discussion about this post