കാണ്‍പൂര്‍: കാണാതായ മകളെ കണ്ടെത്താന്‍ പരാതി നല്കിയ ഭിന്നശേഷിക്കാരിയായ മാതാവിനോട് കൈക്കൂലി വാങ്ങി യുപി പോലീസ്. പോലീസ് വാഹനത്തില്‍ ഡീസല്‍ അടിക്കാനായി 15,000 രൂപ നല്‍കിയെന്നും ശേഷം പോലീസുകാര്‍ കൈയ്യൊഴിയുകയായിരുന്നെന്ന് ഭിന്നശേഷിക്കാരിയായ ഗുഡിയ പരാതിപ്പെടുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഡീസലടിച്ചു തന്നാല്‍ കുട്ടിയെ തിരയാമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനായി പല തവണയായി 15,000 രൂപ നല്‍കിയെന്നും ഗുഡിയ പറയുന്നു
പ്രായപൂര്‍ത്തിയാകാത്ത മകളെ കഴിഞ്ഞ മാസമാണ് ബന്ധുതട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഗുഡിയ പൊലീസില്‍ പരാതി നല്കി. പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല വിധവയായ ഗുഡിയയുടെ കയ്യില്‍ നിന്നും കൈക്കൂലി വാങ്ങുകയും ചെയ്തു. തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു പൊലീസിന്റെ മറുപടി. ചിലപ്പോള്‍ ഗുഡിയയെ ഓടിക്കുകയും ചെയ്തു. മകള്‍ ചീത്തയാണെന്നായിരുന്നു പൊലീസ് പറഞ്ഞത്.
പൊലീസ് കൈക്കൂലി വാങ്ങിയതല്ലാതെ തന്നെ സഹായിക്കുന്നില്ലെന്ന് ഇവര്‍ ഇന്നലെ കാണ്‍പൂര്‍ പൊലീസ് ചീഫിനു പരാതി നല്കി. തങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ചിലപ്പോള്‍ അവര്‍ ഓടിച്ചുവിടും. വണ്ടിയില്‍ പെട്രോള്‍ അടിച്ചു തന്നാല്‍ അന്വേഷിക്കാം എന്ന് പറഞ്ഞിട്ടാണ് താന്‍ പെട്രോള്‍ അടിച്ചുകൊടുത്തത്. 3-4 തവണ അത് ചെയ്തിട്ടുണ്ട്.
ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഈ തുക പൊലീസിന് നല്‍കിയതെന്ന് ഗുഡിയ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ വകുപ്പ് തല അന്വേഷണത്തിന് പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. ഗുഡിയയുടെ മകളെ കണ്ടെത്തുന്നതിനായി നാലംഗ സംഘത്തെയും നിയോഗിച്ചു. ” കേസില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ സ്റ്റേഷന് ഇന്‍ ചാര്‍ജ്ജിനോട് നിര്‍ദ്ദേശിച്ചതായും ഗുഡിയയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് ബ്രിജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.
Discussion about this post