ന്യൂഡല്‍ഹി: സ്വര്‍ണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ കുറച്ചു, ഇതോടെ വില കുറയും. സ്വര്‍ണത്തിനും വെള്ളിക്കും നിലവില്‍ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയില്‍ കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തിയതിനാല്‍ ഇവയുടെ വില കുത്തനെ ഉയര്‍ന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മുമ്പത്തെ നിലയിലാക്കാന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും അവര്‍ പറഞ്ഞു.
സ്വര്‍ണം, വെള്ളി എന്നിവയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം ജിഎസ്ടി എന്നിവ മൂലം സ്വര്‍ണ്ണക്കടത്ത് കൂടിയതെന്ന വിലയിരുത്തലുണ്ടായിരുന്നു.
മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ ഒഴിവാക്കും. പ്രാദേശിക നിര്‍മാതാക്കള്‍ക്ക് ഊര്‍ജം പകരാനാണിതെന്ന് ധനമന്ത്രി.