ന്യൂഡൽഹി: കർഷകർ ഡൽഹി അഥിർത്തിയിൽ സമരം തടരുന്ന സാഹചര്യത്തിൽ കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയ്ക്കായി വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി നിർമ്മലാ സീതാരാമൻ. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്.
ധനമന്ത്രി കാർഷിക പദ്ധതികൾ പ്രഖ്യാപിക്കാൻ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തുകയും ചെയ്തു. തുടർന്ന് പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പദ്ധതികളുടെ പ്രഖ്യാപനം. കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നു മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിൽ കർഷകരെ അനുനനയിപ്പിക്കാനായി കാർഷിക ചന്തകൾക്കും അത്തവണ ബജറ്റിൽ സഹായം മാറ്റിവെച്ചിട്ടുണ്ട്. ചന്തകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കാർഷിക വായ്പകൾക്ക് 16.5 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതമ്പ് സംഭരണത്തിന്റെ പ്രയോജനം 43 ലക്ഷം കർഷകർക്ക് കൂടി ലഭ്യമാക്കും. താങ്ങുവിലയ്ക്കായി 2021 ൽ 1.72 ലക്ഷം കോടി രൂപ ചെലവഴിക്കും. എപിഎംസി(Agricultural produce market committee) കൾക്ക് കാർഷിക അടിസ്ഥാന വികസന ഫണ്ട് ലഭ്യമാക്കും.
ഗ്രാമീണ കാർഷിക അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഫണ്ട് 30,000 കോടിയിൽ നിന്ന് 40,000 കോടി രൂപയായി ഉയർത്തിയതായും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post