ന്യൂഡല്‍ഹി: വിദ്യാലയങ്ങളുടെ നവീകരണത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. പുതിയ 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളും 100 സൈനിക സ്‌കൂളുകളും സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം.
ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് കീഴില്‍ 15,000 സ്‌കൂളുകളുടെ വികസനവും നടപ്പിലാക്കും. എന്‍ജിഒകളുടെ സഹായത്തോടെ 15,000 സ്‌കൂളുകള്‍ക്ക് സഹായം ഒരുക്കും. ലേയില്‍ കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി ഉയര്‍ത്തി. നിലവിലെ പരിധി 49 ശതമാനമാണ്. എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കുമെന്നും ധനമന്ത്രി അറിയിച്ചു. രണ്ട് പൊതുമേഖലാ ബാങ്കുകളുടെയും ഓഹരി വില്‍ക്കും. കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും.
കര്‍ഷക ക്ഷേമത്തിനായി 75,060 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെല്‍കര്‍ഷകര്‍ക്ക് നല്‍കിയ ഫണ്ടില്‍ 1.72 കോടിയുടെ വര്‍ധനവുണ്ട്. ഗോതമ്പ് കര്‍ഷകര്‍ക്ക് 75,000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഏഴ് തുറമുഖങ്ങളുടെ വികസനത്തിനായി 2,000 കോടി രൂപ വകയിരുത്തി. പൊതു- സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും പദ്ധതി. റെയില്‍വേ പദ്ധതികള്‍ക്കായി 1.10 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Discussion about this post