ന്യൂഡൽഹി: നിർണായകമായ കേന്ദ്ര ബജറ്റിൽ ഇത്തവണംകേരളത്തിന് വൻ പ്രഖ്യാപനങ്ങൾ. കേരളത്തിൽ 1100 കി.മി ദേശീയ പാത നിർമ്മാണത്തിന് 65,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നു.
തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ മധുരകൊല്ലം ഇടനാഴി ഉൾപ്പെടുന്നു. ഇതിന്റെ നിർമ്മാണം അടുത്ത വർഷം തുടങ്ങും.
ഇതോടൊപ്പം കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ 11.5 കിലോമീറ്റർ നീട്ടും. ഇതിനായി ബജറ്റിൽ 1957 കോടി അനുവദിച്ചിട്ടുണ്ട്. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പാരാദ്വീപ് തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിന് മാത്രമല്ല പശ്ചിമബംഗാളിനും നിർണായക പദ്ധതികളാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. 675 കി.മി ദേശീയപാതയുടെ നിർമ്മാണത്തിനായി പശ്ചിമ ബംഗാളിൽ 25,000 കോടി രൂപ അനുവദിച്ചു.
കൊൽക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്.
Discussion about this post