തിരുവനന്തപുരം: ഇടിച്ചിട്ടു പോയ വാഹനം തിരിച്ചറിയാതെ പോയാലും സഹായം ഉറപ്പാക്കാനായി പദ്ധതി വരുന്നു. അജ്ഞാതവാഹനം ഇടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സയും നഷ്ടപരിഹാരവും നൽകാൻ വാഹന ഇൻഷുറൻസിൽ നിന്നു നിശ്ചിത ശതമാനം മാറ്റിവെക്കാൻ തീരുമാനമായി. ഇതിനായി കേന്ദ്രസർക്കാർ തയ്യാറാക്കിയ പദ്ധതിക്ക് അന്തിമരൂപമായി.
പരിക്കേൽക്കുന്നവർക്ക് 1.5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമുണ്ട്. ഈ രീതിയിലുള്ള കേസുകളിൽ നഷ്ടപരിഹാരം നൽകാൻ തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ 0.1 ശതമാനം വർധന വരുത്തും. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവർക്ക് ചികിത്സ നൽകാൻ എല്ലാ വാഹന ഇൻഷുറൻസ് പോളിസികളിലും നിശ്ചിതശതമാനം മാറ്റിവെക്കും. അധികപ്രീമിയം ഈടാക്കാൻ കമ്പനികൾക്ക് അനുമതി നൽകും. മുഴുവൻ പോളിസികളിൽനിന്നും ഈടാക്കുന്നതിനാൽ വാഹന ഉടമകളെ സംബന്ധിച്ച് ഇതു ഭാരമാകില്ലെന്നാണ് വിലയിരുത്തൽ.
നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകാനായി ദേശീയപാതാ വിഭാഗം വിവിധ സേവനങ്ങൾക്ക് സെസ് ഈടാക്കുന്നതും പരിഗണനയിലുണ്ട്. ആശുപത്രികളിൽ ചെലവാകുന്ന തുക സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നൽകാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ലക്ഷ്യം വെയ്ക്കുന്നുണ്ട്.
കാഷ്ലെസ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. അപകടത്തിൽ പരിക്കേൽക്കുന്നവർക്കെല്ലാം ഈ സൗജന്യത്തിന് അർഹതയുണ്ട്. അപകടത്തിൽപ്പെട്ട് ആദ്യ മണിക്കൂറുകൾ നിർണായമായതിനാൽ തന്നെ ആശുപത്രികൾ ചികിത്സ നിഷേധിക്കാൻ പാടില്ല. ചികിത്സ നൽകുന്ന ആശുപത്രികൾക്ക് പിന്നീട് സർക്കാർ തുക നൽകും. 2019ലെ കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയാണ് ഇത്തരം വ്യവസ്ഥകൾ ഉൾക്കൊള്ളിക്കാൻ കേന്ദ്രസർക്കാരിന് അധികാരം നൽകിയത്.
Discussion about this post