ബംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ ആരാധിക്കുന്നവരെ രാജ്യദ്രോഹികൾ എന്ന് വിളിച്ച് കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. ഗോഡ്സെയെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. രക്ഷസാക്ഷിത്വ ദിനത്തിൽ ആർഎസ്എസ് ബിജെപി പ്രവർത്തകർ ഗോഡ്സെയെ പുകഴ്ത്തുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
ശനിയാഴ്ച ഗാന്ധിയെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷിത്വ ദിനത്തിൽ ഗോഡ്സെയെ ആരാധിക്കുന്നു. ഏറ്റവും വലിയ രാജ്യദ്രോഹക്കുറ്റത്തിന് മറ്റൊന്നും ഇനി വേണ്ട. ഗാന്ധിയുടെ കൊലയാളിക്കായി പ്രതിമ നിർമിക്കുന്നവരും ഗോഡ്സെയെ ആരാധിക്കുന്നവരും ദേശഭക്തമാരല്ല- സിദ്ധരാമയ്യ തുറന്നടിച്ചു.
സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ്-ബിജെപി നേതാക്കളിൽ ഒരാളെങ്കിലും കൊല്ലപ്പെട്ടിരുന്നോ അവരിൽനിന്ന് ദേശസ്നേഹത്തിൻറെ പാഠങ്ങൾ ഉൾക്കൊള്ളണോ. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി മരിച്ചു. ബിജെപിയുടെയും ആർഎസ്എസിന്റെയും സംഭാവന എന്താണെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിക്കെതിരായ രണ്ടാം സ്വാതന്ത്ര്യ സമരത്തിനിറങ്ങണം. ദീർഘകാലം ബിജെപി അധികാരത്തിൽ തുടരുകയാണെങ്കിൽ രാജ്യത്തിന്റെ ഐക്യം നഷ്ടപ്പെടും. സമാധാനത്തോടെ ഇപ്പോൾ ആർക്കും ജീവിക്കാൻ കഴിയുന്നില്ല. തൊഴിലാളികൾ, കർഷകർ, സ്ത്രീകൾ, കുട്ടികൾ എല്ലാവരും കഷ്ടപ്പെടുന്നു.
തൊഴിലാളികൾക്കെതിരെയും കർഷകർക്കെതിരെയും നിയമങ്ങളുണ്ടാക്കുന്നു. ഇതിലൂടെ സമാധന അന്തരീക്ഷം തകർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post