ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ വസ്ത്രവ്യാപാര കമ്പനി മിന്ത്ര തങ്ങളുടെ ബ്രാൻഡിന്റെ ലോഗോയിൽ ചെറിയ മാറ്റം വരുത്തി പരിഷ്‌കരിച്ചു. സ്ത്രീകളെ അപമാനിക്കുന്നതാണ് നിലവിലെ ലോഗോ എന്ന പരാതിയെ തുടർന്നാണ് മിന്ത്രയുടെ ലോഗോയിൽ മാറ്റം കൊണ്ടുവരാൻ തീരുമാനം.
മുംബൈ അവേസ്ത ഫൗണ്ടേഷന്റെ പ്രവർത്തകയായ നാസ് പട്ടേലാണ് നിന്ത്രയുടെ ലോഗോയ്ക്ക് എതിരെ പരാതിയുമായി മുംബൈ സൈബർ ക്രൈം വിഭാഗത്തിന് മുന്നിലെത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ 20നായിരുന്നു പരാതി നൽകിയത്.
തുടർന്ന് പരാതി പരിഗണിച്ച് മിന്ത്ര പ്രതിനിധികളുമായി യോഗം വിളിച്ചിരുന്നുവെന്നും ലോഗോ മാറ്റാൻ കമ്പനി സമ്മതം അറിയിച്ചുവെന്നും മുംബൈ സൈബർ ക്രൈം ഡെപ്യൂട്ടി കമ്മീഷണർ രശ്മി കരന്ദികർ അറിയിച്ചു.
ലോഗോ മാറ്റത്തിന്റെ ഭാഗമായി വെബ്‌സൈറ്റ് ലോഗോയിൽ കമ്പനി മാറ്റംവരുത്തിയിട്ടുണ്ട്. മൊബൈൽ ആപ്പ്, പാക്കിങ് മെറ്റീരിയൽ ഉൾപ്പെടെയുള്ള മിന്ത്രയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലേയും ലോഗോയിൽ ഉടൻ മാറ്റംവരുത്തുമെന്നാണ് റിപ്പോർട്ട്.