തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ എണ്ണക്കമ്പനികളെ ചീത്തവിളിക്കുന്നതിനൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. എങ്ങനെയാണ് ക്രൂഡോയിലിന് ചെറിയ നിരക്ക് വ്യത്യാസം വരുമ്പോഴേക്കും രാജ്യത്തെ എണ്ണവിലയിൽ വൻകുതിപ്പ് ഉണ്ടാകുന്നതെന്ന്. പെട്രോൾ-ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന കൊള്ള നികുതിയാണ് സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുന്നത്.
ഇന്ധനവിൽപ്പനയിലൂടെ വരുമാനം വർധിച്ചിട്ടും കൂട്ടിയ ഇന്ധന നികുതികൾ കുറയ്ക്കാൻ സർക്കാരുകൾ തയ്യാറാകാത്തതാണ് രാജ്യത്തെ ഇന്ധന വില ഉയർന്നു തന്നെ നിൽക്കാൻ കാരണം. യഥാർത്ഥത്തിൽ എണ്ണക്കമ്പനികൾ ഉണ്ടാക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ കൊള്ളലാഭം കൊയ്യുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്.
എണ്ണവിലയിലുണ്ടാകുന്ന നേരിയ വിലവർധനവിന് പോലും ഉയർന്ന നികുതി ചുമത്തുന്നത് ജനങ്ങളെ വലയ്ക്കുകയാണ്. എന്നാൽ വില കുറയുമ്പോൾ നികുതി കുറയ്ക്കാൻ സർക്കാരുകൾ താൽപര്യമെടുക്കാറുമില്ല.
ഇന്ധന വില കുറഞ്ഞപ്പോൾ വരുമാനം കുറയാതിരിക്കാൻ നികുതി കൂട്ടിയിരുന്നു. ഇതാണ് ഇപ്പോൾ കനത്ത ആഘാതമായത്. വില കുറഞ്ഞിട്ടും നികുതി കുറയ്ക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴി ചാരുകയാണ്.
ബുധനാഴ്ച ഒരു ലിറ്റർ പെട്രോൾ വില 86.46 രൂപയാണ്. ഗതാഗത ചാർജ് വ്യത്യസ്തമായതിനാൽ കേരളത്തിലെ ഓരോ ജില്ലയിലും വിലയിൽ നേരിയ മാറ്റമുണ്ട്. ഒരു ലിറ്റർ പെട്രോളിന് അടിസ്ഥാന വില 29.78 രൂപ മാത്രമാണ്. 32.98 രൂപ കേന്ദ്ര എക്സൈസ് ഡ്യൂട്ടി. മറ്റ് ചെലവുകൾ കൂടുമ്പോൾ ലിറ്ററിന് 62.96 രൂപ വരും. ഇതിലാണ് സംസ്ഥാനനികുതി വരുന്നത്. വിൽപനനികുതി മാത്രം 18.94 രൂപ (30.08 ശതമാനം). ഒപ്പം സെസും ചുമത്തിയിട്ടുണ്ട്. ഡീലർ കമ്മീഷൻ കൂടി ചേരുമ്പോൾ വില 86.46 രൂപയിലെത്തി.
ഇതേ മാതൃകയിലാണ് ഡീസലിന്റെയും വില വർധനവ്. ഡീസൽ അടിസ്ഥാന വില 30.95 രൂപയാണ്. കേന്ദ്ര എക്സൈസ് ഡ്യൂട്ടി, സംസ്ഥാന നികുതി, സെസ് എന്നിവ അടക്കം 80.67 രൂപയാണ് വിൽപന വില. 1000 ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ സംസ്ഥാനത്തിന് വിൽപന നികുതിയായി 18,941 രൂപ ലഭിക്കും. ലിറ്ററിന് ഒരു രൂപ അധിക വിൽപന നികുതിയും പുറമെ സെസും.
ഡീസലിന് സംസ്ഥാന വിൽപന നികുതി 22.76 ശതമാനമാണ്. 1000 ലിറ്റർ ഡീസൽ വിൽക്കുമ്പോൾ വിൽപനനികുതിയായി 14,334 രൂപയും ലഭിക്കും. ലിറ്ററിന് ഒരു രൂപ അധിക വിൽപന നികുതിയും സെസും പുറമെ.
ഇന്ധന നികുതി പിരിക്കാൻ സർക്കാറുകൾക്ക് എളുപ്പമാണ്. എണ്ണക്കമ്പനികൾ തന്നെ നേരിട്ട് സർക്കാറിന് നൽകും. പെട്രോളും ഡീസലും ജിഎസ്ടി പട്ടികയിൽപെടുത്തിയാൽ വില കുറയും. പക്ഷേ സർക്കാർ തയാറല്ല. മാസം ഇന്ധനനികുതി ഇനത്തിൽ മാത്രം സംസ്ഥാനത്തിന് 750 കോടിയിലേറെയാണ് വരുമാനം.
Discussion about this post